Spread the love

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ. ജയ തിലകിനെതിരേ ആരോപണവുമായി വീണ്ടും സസ്പെൻഷനിൽ ഇരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. താൻ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിർദ്ദേശം നൽകിയെന്നാണ് പ്രശാന്തിന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റി ലൂടെയാണ് പ്രശാന്ത് ആരോപണം ഉന്നയിച്ചത്.അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

പൊതുപണിമുടക്കിനിടയിലും ഇന്ന് രാവിലെ ഡോ.ജയതിലക്‌ സെക്രട്ടേറിയറ്റിലെ എല്ലാ സ്റ്റേറ്റ്‌ പബ്ലിക്‌ ഇൻഫൊർമ്മേഷൻ ഓഫീസർമാരെയും (SPIO) വിളിച്ച്‌ വരുത്തി, വിവിധ വകുപ്പുകളിൽ ഞാൻ നൽകിയിട്ടുള്ള വിവരാവകാശ അപേക്ഷകൾ തീർപ്പാക്കുന്ന‌തുമായി ബന്ധപ്പെട്ട്‌ നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ നൽകിയതായി അറിഞ്ഞു.

ഡോ.ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നൽകാവൂ എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്‌. മറുപടികൾ പരമാവധി താമസിപ്പിക്കാനും, മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ വിവരങ്ങൾ നിഷേധിക്കാനും അദ്ദേഹം പറഞ്ഞതായി യോഗത്തിലുണ്ടായവർ അറിയിക്കുന്നു. അതാത്‌ SPIO ആണ്‌ നിയമപ്രകാരം statutory authority. അതിൽ ഡോ.ജയതിലകിന്‌ കൈകടത്താനാവില്ല. അദ്ദേഹം അപ്പീൽ അഥോറിറ്റി പോലുമല്ല.

ഡോ.ജയതിലക്‌ കൃത്രിമം നടത്തിയ ഫയലുകളുടെ കൃത്യമായ വിവരങ്ങളാണ്‌ ചോദിച്ചിരിക്കുന്നത്‌. ഈ-ഓഫീസിലെ തിരിമറിയും അനധികൃതമായി മറ്റ്‌ ഉദ്യോഗസ്ഥരുടെ password protected അക്കൗണ്ടുകളിൽ backend ലൂടെ access എടുത്തതും, അതിനായി വ്യാജ രേഖകൾ upload ചെയ്തതും ഒക്കെ ചോദ്യങ്ങളായി കൊടുത്തിട്ടുണ്ട്‌. IT Act പ്രകാരം ക്രിമിനൽ കുറ്റമാണിത്‌ എന്ന് പറയേണ്ടതില്ലല്ലോ. അച്ചടക്ക നടപടി സംബന്ധിച്ചുള്ള നിയമലംഘനങ്ങളും വിവരാവകാശപ്രകാരം ചോദിച്ചിട്ടുണ്ട്‌. എത്ര മറച്ച്‌ വെച്ചാലും ആത്യന്തികമായി ഇതൊക്കെ കോടതിയിലെത്തും എന്നറിയില്ലെന്ന് തോന്നുന്നു!

ഒന്നോർക്കുക, വിവരാവകാശ നിയമം മാത്രമല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്‌. ക്രിമിനൽ കേസിൽ തെളിവ്‌ നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച്‌ വെക്കാനും നിയമ നടപടികൾ വൈകിപ്പികാനും കൂട്ടുനിൽക്കുന്നവർക്കെതിരെയും BNS പ്രകാരവും IT Act പ്രകാരവും കേസ്‌ വരും. മാസ്റ്റർ ഫയലുകളും മുൻപ്‌ IT വകുപ്പ്‌ ഉദ്യോഗസ്ഥർ രേഖാമൂലം ഇത്‌ സംബന്ധിച്ച്‌ നടത്തിയ കുറ്റസമ്മതവും എന്റെ പക്കലുണ്ട്‌ എന്നത്‌ ഫയലുകൾ നോക്കിയാൽ അറിയാം. വക്കീൽ പണി കഴിഞ്ഞ്‌ വന്നത്‌ കൊണ്ട്‌ ചോദ്യങ്ങൾക്ക്‌ പല റൗണ്ടായിട്ടുള്ള ക്രോസ്‌ എക്സാമിനേഷന്റെ സ്വഭാവം ഉണ്ട്‌. ഒരെണ്ണം പോലും exempted ആയതല്ല എന്നുറപ്പിക്കിയിട്ടാണ്‌ ചോദിച്ചിരിക്കുന്നത്‌ എന്ന് എല്ലാ SPIO കളും മനസ്സിലാക്കുക. അഭിപ്രായങ്ങൾ അല്ല, നിങ്ങൾ കൈവശം വെച്ചിരിക്കുന്ന information മാത്രമാണ്‌ ചോദിച്ചിരിക്കുന്നത്‌.

വിവരങ്ങൾ മറച്ച്‌ വെക്കുകയോ, ഓവർ സ്മാർട്ടായി ഡോ.ജയതിലക്‌ പറയും പ്രകാരം പ്രവർത്തിക്കുകയോ ചെയ്ത്‌ ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവാതിരിക്കുക. ചോദ്യങ്ങൾക്ക്‌ നിയമാനുസരണം മറുപടി പറഞ്ഞ്‌ മുന്നോട്ട്‌ പോകാം. സമയലാഭമുണ്ട്‌. നമുക്ക്‌ നാളെയും കാണണ്ടേ?

ഡോ.ജയതിലക്‌ ചുടു ചോറ്‌ വാരാൻ പറയും, വാരാതിരിക്കുന്നതാണ്‌ ബുദ്ധി.
ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്