ന്യൂഡല്‍ഹി: തിങ്കളാഴ്ച ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം വൈകീട്ടുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതെന്ന വിവരമാണ് അന്വേഷണോദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
അതേസമയം ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ജമ്മു കശ്മീരിലെ പുൽവാമയിൽ 1989 ഫെബ്രുവരി 24ന് ജനിച്ച ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്.
അതേസമയം ചെങ്കോട്ടയ്ക്ക് മുന്നിൽ കാർ 3 മണിക്കൂർ നിർത്തിയിട്ടെന്നും കണ്ടെത്തൽ. പല തവണ കൈമാറിയ കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നയാളാണെന്നും ദില്ലി പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. 6 പേരുടെ നില അതീവ ഗുരുതരം. മരണ സംഖ്യ ഉയർന്നേക്കും. മരിച്ചവരിൽ തിരിച്ചറിഞ്ഞവർ എല്ലാം ദില്ലി, യുപി, ബിഹാർ സ്വദേശികളാണ്.

