കോട്ടയം : മരണത്തെ പോലും വേട്ടയാടിയ സൈബര്‍ അധിക്ഷേപ കേസ് ഇഴയുന്നു. മലയാള മനോരമയുടെ പ്രത്യേക ലേഖകനായിരുന്ന ജിജോ ജോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ക്രൂരമായ സൈബര്‍ ആക്രമണം നടത്തി അവഹേളിച്ച കേസില്‍ രണ്ടാഴ്ച്ചയായിട്ടും കാര്യമായ മുന്നേറ്റമോ അറസ്റ്റുകളോ ഇല്ല. പത്രസ്ഥാപനവും പത്രപ്രവര്‍ത്തക യുണിയനും പരാതി നല്‍കിയതിനെ തുടര്‍ന്ന് കോട്ടയത്തും തിരുവനന്തപുരത്തും എറണാകുളത്തും പോലീസ് കേസെടുത്തു. പക്ഷേ രണ്ടാഴ്ച്ച പിന്നിടുമ്പോഴും പോലീസ് നടപടി വഞ്ചി തിരുനക്കര തന്നെ എന്ന അവസ്ഥയിലാണ്.
എസ്.വി.വെബ്സ് എന്ന ഫെയ്സ്ബുക്ക് പേജ് ഉടമ എസ്.വി.അരുണ്‍ലാല്‍, ഫെയ്സ്ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരശ്, സന്തോഷ് കുമാര്‍ എന്നിവരുള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തു മാത്രം. മനോരമ കോട്ടയം ഓഫീസിലേക്ക് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അതു പ്രചരിപ്പിച്ചയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അധിക്ഷേപ പ്രചരണം, മനഃപൂര്‍വമായ അപകീര്‍ത്തിപ്പെടുത്തല്‍, അസഭ്യ സന്ദേശങ്ങള്‍ അയക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 15 സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ സൈബര്‍ വിഭാഗം വഞ്ചിയൂര്‍ പോലീസിന് കൈമാറി. അക്കൗണ്ട് ഉടമകളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകളില്‍ നടപടി സ്വീകരിക്കുന്നതിന് മെറ്റയ്ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു. പക്ഷേ ഇപ്പോഴും നടപടി എങ്ങും എത്തിയില്ല. വളരെ ആസൂത്രിതമായി നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് സൈബർ ആക്രമണം നടത്തിയത്.
പത്രപ്രവര്‍ത്തക യൂണിയന് തെരഞ്ഞെടുപ്പ് ആഗതമായിരിക്കെയുളള യൂണിയന് രാഷ്ട്രീയവും അന്വേഷണത്തെ മെല്ലപ്പോക്കിലായിക്കിയിട്ടുണ്ടോ എന്ന സംശയം മാധ്യമങ്ങള്‍ക്കുണ്ട്. സിപിഎം സൈബര്‍ ഇടങ്ങളില്‍ നിന്നും നേതാക്കളില്‍ നി്ന്നും ജിജോയുടെ മരണത്തെ തുടര്‍ന്ന് പ്രതികൂല കമന്റുകളും പോസ്റ്റുകളുമാണ് പൊതുവേ വന്നത്. ദേശാഭിമാനി പത്രത്തിലെ റസിഡൻ്റ് എഡിറ്ററായ പി.എം.മനോജ് മുതൽ സി പി എം സഹയാത്രിക ഹണി ഭാസ്കർ വരെ സൈബർ സഖാക്കളെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് മായി രംഗത്തു വന്നതും സൈബർ സഖാക്കളെ കൂടുതൽ ആക്രമോത്സുകരാക്കി. അതോടെ സൈബർ ആക്രമണത്തിന് പിന്നില്‍ ഇടതു കരങ്ങളുടെ പങ്കിനെക്കുറിച്ച് സംശയം ഉയര്‍ത്തി. ഈ സമയത്തു തന്നെ മാതൃഭൂമി പത്രത്തിലെ ഗോപികൃഷ്ണൻ വരച്ച കാർട്ടൂണിനെതിരെയും സൈബർ സഖാക്കൾ തിരിഞ്ഞു. റെഡ് ബുക്കും റെഡ് ഫ്ലാഗുമായിരുന്നു പ്രതിവാദ്യ വിഷയം. കലിപൂണ്ട സൈബർ സഖാക്കൾ അസഭ്യ വർഷത്തിന് പിന്നാലെ ഗോപീകൃഷ്ണനെ ശാരീരികമായി കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കി.
ഇതോടെ പ്രസ്ക്ലബുകള്‍ ഉള്‍പ്പെടുന്ന പത്രപ്രവര്‍ത്തക യൂണിയന് തെരഞ്ഞെടുപ്പില്‍ ദേശാഭിമാനിയുമായി പാനല്‍ ചങ്ങാത്തം വേണ്ടെന്ന് മനോരമ, മാതൃഭൂമിയിലെ പല സീനിയര്‍ ജേണലിസ്റ്റുകളും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും മനോരമ- ദേശാഭിമാനി കൂട്ടുകെട്ടാണ് വര്‍ഷങ്ങളായി ഒരുമിച്ചു മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ഇത്തവണയും അങ്ങനെ തന്നെയാണ് പാനല്‍ രൂപപ്പെടുന്നത്. കോട്ടയം മാത്രമായിരുന്നു അപവാദം. പക്ഷേ ഇവിടെയും മംഗളം- ദേശാഭിമാനി പാനലില്‍ മനോരമയെ കൂട്ടികെട്ടാന്‍ മനോരമയിലെ തന്നെ ഒരു വിഭാഗം തീവ്രശ്രമത്തിലാണ്. മനോരമയിൽ നിന്നും വിരമിച്ച പ്രസ് ക്ലബ് മുൻ പ്രസിഡണ്ടിൻ്റെ കുതന്ത്രങ്ങളാണ് ഇതിൻ്റെ പിന്നിൽ. പിൻ സീറ്റ് ഭരണം
സ്വപ്നം കണ്ടാണ് ഇത്തരം നിക്കങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീക്ഷണം ലേഖകനായിരുന്നു ദേശാഭിമാനി മുന്നണിയുടെ കൺവീനർ!!. ഇപ്രാവശ്യം ആ സ്ഥാനം മനോരമയിലെ മുൻപ്രസിഡണ്ടാണ് ഏറ്റെടുത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് പക്ഷ പത്രക്കാരെന്ന് മേനി നടിക്കുന്ന ഇക്കൂട്ടർ സിപിഎം വിരോധം പറയുമെങ്കിലും പാർട്ടിയുടെ പത്രമായ ദേശാഭിമാനിയോട് വലിയ ഭക്തിയാണ്.
ദേശാഭിമാനിയിലെ സി പി എം ചിന്തയുളള ഒരുപറ്റം മാധ്യമ പ്രവര്‍ത്തകരാണ് പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മറ്റിയെ നിയന്ത്രിക്കുന്നത്. പലപ്പോഴും യൂണിയന്റെ സ്വതന്ത്രസ്വഭാവം ഇതുമൂലം നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. യു ഡി എഫ് അധികാരത്തിൽ വന്നതോടെ പത്രപ്രവർത്തക യൂണിയൻ പിടി ച്ചെടുക്കാനുള്ള തീവ്ര നീക്കത്തിലാണ് ദേശാഭിമാനി സംഘം.
ഓൺലൈനിൽ വരുന്ന നിർദ്ദോഷമായ വാർത്തകളുടെ പേരിൽ പോലും മാധ്യമപ്രവർത്തകർക്കെതിരെ കള്ള കേസ് എടുത്തു വേട്ടയാടിയും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയും സായൂജ്യമടങ്ങുന്ന പോലീസ്, സൈബർ ശവം തീനികൾക്കെതിരെ നടപടി എടുക്കാൻ ഭയന്നിരിക്കുന്ന ദയനീയ കാഴ്ചയാണ് കാണാൻ കഴിയുന്നത്. സൈബർ സഖാക്കൾക്ക് മുമ്പിൽ മനോരമക്കും മുട്ടുവിറക്കുകയാണോ?

