ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ പ്രതിനിധികള്‍ മന്ത്രിമാരെയും സര്‍ക്കാരിനെയും കടന്നാക്രമിച്ചു.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെയും വെറുതേ വിട്ടില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ധനവകുപ്പ് ആവശ്യത്തിന് പണം അനുവദിക്കുന്നില്ല. ചോദിച്ച് വാങ്ങാന്‍ മന്ത്രിമാര്‍ക്ക് ത്രാണിയുമില്ല. തെറ്റു കണ്ടാല്‍ ചൂണ്ടിക്കാട്ടുകയും തിരുത്തിക്കുകയും ചെയ്യുന്ന ഒരു നേതൃത്വമായിരുന്നു സി.പി.ഐക്ക് നേരത്തെ ഉണ്ടായിരുന്നത്.വെളിയം ഭാര്‍ഗവനും സി.കെ ചന്ദ്രപ്പനുമൊക്കെ അത്തരം നിലപാടെടുത്തവരാണ്. ഇത് ബിനോയ് വിശ്വവും ഓര്‍ക്കണമെന്നായിരുന്നു ഒരു പ്രതിനിധി ചൂണ്ടിക്കാട്ടിയത്. സമ്മേളനം ഇന്നു സമാപിക്കും. ബിനോയ് വിശ്വം തുടരും.
ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കണ്ണടച്ചുളള വിമര്‍ശനമാണ് കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉയര്‍ത്തിയത്. ആഭ്യന്തര വകുപ്പ് ബി.ജെ.പിക്ക് തീറെഴുതിയ ചില ഉദ്യോഗസ്ഥര്‍ പൊലീസിലുണ്ടെന്നും അവര്‍ക്ക് സംരക്ഷണമൊരുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിമര്‍ശനമുയര്‍ന്നു . ബി.ജെ.പിയുമായി മുഖ്യമന്ത്രിക്ക് വേണ്ടി ഇടപെടുന്നത് ഇവരില്‍ ചില ഉദ്യോഗസ്ഥരാണെന്നും പ്രതിനിധികള്‍ ആക്ഷേപിച്ചു. ഭരണത്തുടര്‍ച്ച കിട്ടാതെ പോയാല്‍ അതിന് കാരണം പൊലീസും കഴിവുകെട്ട ആഭ്യന്തര വകുപ്പും ആണെന്ന് ചിലര്‍ തുറന്നടിച്ചു. തൃശൂര്‍ പൂരം കലക്കിയ നടപടിക്ക് പിന്നിലെ പൊലീസ് ഉദ്യോഗസ്ഥന് ബി.ജെ.പിയുമായുള്ള അടുപ്പമാണ് തൃശൂരില്‍ നിന്നുള്ള ഒരു പ്രതിനിധി ചൂണ്ടിക്കാട്ടിയത്. ഈ ബന്ധം ക്രമേണ പിണറായി വിജയനിലേക്ക് എത്തുകയാണെന്നും തൃശൂരുകാര് കുറ്റപ്പെടുത്തി.
പാര്‍ട്ടിക്ക് ശക്തി പകരേണ്ട ബഹുജന സംഘടനകള്‍ സജീവമല്ലാതിരുന്നിട്ടും അവയെ ഉത്തേജിപ്പിക്കാനുള്ള ഒരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവുമുണ്ടായി. കേന്ദ്ര നേതൃത്വത്തെയും ചില പ്രതിനിധികള്‍ കടന്നാക്രമിച്ചു. ജരാനര ബാധിച്ച നേതാക്കളാണ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലുള്ളതെന്നും ഇവരിലൂടെ പാര്‍ട്ടിക്ക് കാര്യമായ വളര്‍ച്ച സാദ്ധ്യമാവില്ലെന്നുമായിരുന്നു വിമര്‍ശനം.നാലുമന്ത്രിമാരും നിര്ഗുണരാണെന്നും ‘കട്ടപ്പാരയുമായി കക്കാന്‍ പോകുന്നതാണ് ‘ഇതിലും ഭേദമെന്നും . രാഷ്ട്രീയ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പ്രവാസി ഗ്രൂപ്പ് പ്രതിനിധികള്‍ ആരോപിച്ചു.

