Spread the love

 

കേരള മുഖ്യമന്ത്രി തര്‍ക്കം പത്താം നാള്‍: ചര്‍ച്ച പൂര്‍ത്തിയായി, ഇനി ആക്ഷന്‍, വേണുഗോപാല്‍ മുന്നില്‍, സതീശന്‍ രണ്ടാമത്, രമേശിന് വേണ്ട പിന്തുണയില്ലെന്നും ദേശീയ മാധ്യമങ്ങള്‍

കെ.പി.സി.സി മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇന്നലെ ചര്‍ച്ച നടത്തിയ ഹൈക്കമാന്‍ഡ്, മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന. ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ബംഗളൂരുവിലായിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ഇന്നലെ ഡല്‍ഹിയിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തിയത് ഇതിന്റെ ഭാഗമാണെന്ന് അറിയുന്നു. രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി ഖാര്‍ഗെ, സോണിയാ ഗാന്ധി, എ.കെ.ആന്റണി എന്നിവരോടും അഭിപ്രായമാരാഞ്ഞു. അതിനിടെ പ്രിയങ്കഗാന്ധി വഴി മുസ് ലീം ലീഗും തങ്ങളുടെ അഭിപ്രായം ഹൈക്കമാന്റില്‍ എത്തിച്ചു.

 

കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍മാരായ വി.എം.സുധീരന്‍, കെ.മുരളീധരന്‍, എം.എം.ഹസന്‍, കെ.സുധാകരന്‍, അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരുമായാണ് രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയത്. സോണിയാഗാന്ധിയുടെ 10 ജന്‍പഥ് വസതിയിലും രാഹുലിന്റെ വസതിയിലുമായിട്ടായിരുന്നു ചര്‍ച്ച. ഡല്‍ഹിയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചു.

ഓരോരുത്തരുമായി 10-20 മിനിറ്റോളം പ്രത്യേകം നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ നിലവിലെ സാഹചര്യം രാഹുല്‍ ചോദിച്ചറിഞ്ഞു. തര്‍ക്കമൊഴിവാക്കാനുള്ള വഴികളും തേടി. വി.ഡി. സതീശന് അനുകൂലമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകടനങ്ങളെക്കുറിച്ചും ചോദിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം വന്നയുടന്‍ അവ പെട്ടെന്ന് നിലച്ചതെങ്ങനെയെന്നും ആരാഞ്ഞു.

കെ.മുരളീധരന്‍, വി.എം.സുധീരന്‍ എന്നിവരൊഴികെയുള്ളവര്‍ കെ.സി.വേണുഗോപാലിന് അനുകൂലമായ സാഹചര്യങ്ങള്‍ രാഹുലിനെ അറിയിച്ചെന്നാണ് വിവരം. കേരളത്തിലുണ്ടായ പ്രതിഷേധം ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ലെന്നും കെ.സിയെ മുഖ്യമന്ത്രിയാക്കിയാല്‍ ജനവികാരം എതിരാകുമെന്നും മുരളീധരന്‍ പറഞ്ഞതായും സൂചനയുണ്ട്. ഉപതിരഞ്ഞെടുപ്പുകള്‍ തലവേദനയാകും.

രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തിയ പ്രധാന കൂടിയാലോചനകള്‍ക്കു ശേഷം കെസി വേണുഗോപാല്‍ ആണ് മുന്നില്‍ എന്നാണ് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വേണുഗോപാലിനെ പിന്തുണച്ചതായും വിഡി സതീശന് പരിമിതമായ പിന്തുണ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രമേശ് ചെന്നിത്തലയക്ക് മതിയായ പിന്തുണ ലഭിച്ചിട്ടില്ലെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മൂന്നു നേതാക്കളെ ചൊല്ലി വിഭാഗീയത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ആളെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പുതിയ സംഭവവവികാസങ്ങളോടെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണെന്നും അത് അപകടകരമാണെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്

ഇന്ന് ഹൈക്കമാന്റ് തീരുമാനം മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ അറിയിക്കും. തുടര്‍ന്ന് ഒരു ഒത്തുതീര്‍പ്പ് പാക്കേജും മുന്നോട്ടു വയ്ക്കുമെന്നാണ് അറിയുന്നത്.