Spread the love

കോട്ടയം : പാർവതിക്ക് അഛനെ നഷ്ടപ്പെട്ടുവെങ്കിലും അവളുടെ വിവാഹം അഛ്‌ന്റെ സ്ഥാനത്തുനിന്ന് നടത്തിയത് വളർത്തഛനായ വൈദികൻ. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ അച്‌ഛന്റെ സ്ഥാനത്തുനിന്നു ചടങ്ങുകൾ നിർവ്വഹിച്ചത് വളര്‍ത്തു പിതാവായ ക്രൈസ്തവ പുരോഹിതനെന്നത് അപൂർവ സംഭവമായി മാറി. അമ്മയുടെ അകാല നിര്യാണത്തെത്തുടർന്ന് ഒന്നാം വയസ്സില്‍ മുണ്ടക്കയം വണ്ടൻപതാൽ ബെദ്ലഹം ആശ്രമത്തിൽ എത്തിയ പാർവതിയെ ചേര്‍ത്ത് പിടിച്ച ആശ്രമ ഡയറക്‌ടറായ ഫാ. റോയി മാത്യു വടക്കേലാണ്. വിവാഹമെത്തിയപ്പോഴും അഛന്റെ വാത്സല്യത്തോടെയാണ് ഫാ. റോയി കൂടെ നിന്നത്.

 

അനാഥാലയത്തില്‍ എത്തിയപ്പോള്‍ മുതൽ പാർവതിയുടെ പിതാവിന്റെ സ്ഥാനത്തായിരുന്നു ഫാ. റോയി. ശ്രീക്കുട്ടി എന്നായിരുന്നു കുട്ടിക്കു ഫാ. റോയി നൽകിയ വിളിപ്പേര്. വിവാഹപ്രായമെ ത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെയും കണ്ടെത്തി. കഴിഞ്ഞ മാസം വണ്ടൻപതാൽ സെന്റ് പോൾസ് പളളി പാരിഷ് ഹാളിൽ നടന്ന വിവാഹത്തിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തി.

ഹൈന്ദവ ആചാരപ്രകാരം പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപിക്കുന്ന പിതാവിൻ്റെ ചുമതലയാണ് നിറഞ്ഞ മനസ്സോടെ ഫാ. റോയി ഏറ്റെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി . വർഗ്ഗീയതയുടെയും ഭിന്നിപ്പുകളുടെയും ഈ കാലത്ത് മതസാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൈമാറിയ റോയി അച്ചന് വലിയ അഭിനന്ദനമാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിലെ അംഗം കൂടിയാണ് ഫാ. റോയി. തന്റെ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമാണെന്നാണ് അദ്ദേഹം മാധൃമങ്ങളോട് പ്രതികരിച്ചത്.