Spread the love

ഫ്‌ളക്‌സ് ബോര്‍ഡും ബാനറു ഒഴിവാക്കി ചാണ്ടി ഉമ്മന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം 

 

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം. പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഒഴിവാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പറഞ്ഞു. മണ്ഡലത്തിലെ വീടുകള്‍ കയറിയിറങ്ങി വോട്ടുതേടുമെന്നും, ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്. അതിനായി ഉമ്മന്‍ചാണ്ടി ഭവനനിര്‍മ്മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 50 വീടുകളുടെ നിര്‍മ്മാണമാണ് ആരംഭിച്ചത്. രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ഇതില്‍ 47 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശം നടത്തി. ശേഷിക്കുന്ന മൂന്ന് വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

 

100 വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കാനാണ് തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 25 വീടുകള്‍ക്ക് കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. ഇതിനെല്ലാമുള്ള പണം കണ്ടെത്തേണ്ടതുണ്ട്. പ്രചാരണത്തിന് ചെലവ് കുറച്ച് ബാക്കി പണം ഭവന നിര്‍മ്മാണത്തിന് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള യുദ്ധഭീതിയിലാണ് ജനങ്ങള്‍. വിലക്കയറ്റവും പാചകവാതകക്ഷാമവും അടക്കം ജനങ്ങള്‍ വലിയ ദുരിതം അനുഭവിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രചാരണത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എല്ലാം തന്നെയും, തന്റെ പ്രസ്ഥാനത്തേയും അറിയാം. ആ ഒരു സാഹചര്യത്തില്‍ എന്തിന് ധൂര്‍ത്ത് നടത്തണമെന്നാണ് ചാണ്ടിയുടെ ചോദ്യം. റോഡ് ഷോ, സൈക്കിള്‍ റാലി, ജനസമ്പര്‍ക്കയാത്ര തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള പ്രചാരണമാണ് ലക്ഷ്യം. വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങാനുള്ള അവസരം കൂടിയാണിത്. ഫ്‌ളക്‌സുകളിലല്ല, ജനമനസുകളിലാണ് സ്ഥാനം ലഭിക്കേണ്ടതെന്നാണ് വിശ്വസിക്കുന്നത്. ഡിജിറ്റല്‍ യുഗമാണ്. എല്ലാ വീടുകളിലും കടന്നുചെല്ലാന്‍ ഇത്തരം അവസരങ്ങള്‍ ഏറെയുണ്ട്. പോസ്റ്ററുകളുടെ ഉപയോഗവും കുറയ്ക്കും. നോട്ടീസുകളും സോഷ്യല്‍ മീഡിയായും പരമാവധി ഉപയോഗിച്ചുള്ള പ്രചാരണത്തിനായിരിക്കും പ്രാധാന്യം. ഡോര്‍ ടു ഡോര്‍ പ്രചാരണവും കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.