കറാച്ചി: കഴിഞ്ഞയാഴ്ചയാണ് പാകിസ്ഥാനി ചലച്ചിത്രതാരം ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രകാരം നടി മരിച്ചത് ഏകദേശം 9 മാസം മുൻപാണെന്നാണ് പുറത്ത് വരുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം അഴുകി ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ കറാച്ചി പൊലീസ് സർജൻ ഡോ.സുമയ്യ സയീദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം നടിയുടെ കോൾ റെക്കോർഡുകൾ പ്രകാരം അവസാനമായി ഫോൺ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്’- പാക്ക് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയീദ് ആസാദ് റാസ പറഞ്ഞു. ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് 2024 ഒക്ടോബറിൽ അപ്പാർട്ട്മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങൾക്കു മുൻപേ തന്നെ അവസാനിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ അപ്പാർട്ട്മെന്റിൽ നടി ഒറ്റയ്ക്കായിരുന്നു. കൂടാതെ ഒരു ബാൽക്കണി വാതിൽ തുറന്നിട്ടിരുന്നതിനാലും ദുർഗന്ധം പുറത്തുവന്നിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധന നടത്തി ഹുമൈറ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു വർഷങ്ങൾക്കു മുൻപാണ് ഹുമൈറ ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് എത്തിയത്. അക്കാലം മുതലേ കുടുംബവുമായി അകൽച്ചയിലാണ്.

