തിരുവനന്തപുരം:ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീനദയാല്‍ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകള്‍ക്ക് മുന്നില്‍ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിയ 55 സെന്റ് സ്ഥലത്ത് 60,000 ചതുരശ്ര അടിയില്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് സമുച്ചയം. തിരുവനന്തപുരത്തിന്റെ കണ്ണായ തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനു സമീപം ഏഴു നിലകളില്‍ മാരാര്‍ജി ഭവന്‍. 24 മണിക്കുറുമുളള ഹെല്‍പ്പ് ഡസ്‌ക് അടക്കം രാജ്യംഭരിക്കുന്ന കക്ഷിയുടെ ഓഫീസ്. കേന്ദ്രീകൃത ശീതികരണ സംവിധാനമാണ് ഓഫീസിലുളളത്.
താഴത്തെ രണ്ട് നിലകള്‍ വാഹനങ്ങളുടെ പാര്‍ക്കിങിനായി മാറ്റിവച്ചു. മുകളിലേക്ക് അഞ്ചുനിലകളുമുണ്ട്. കെ.ജി.മാരാരുടെ അര്‍ദ്ധകായ വെങ്കല പ്രതിമയും കെട്ടിടത്തിന്റെ കോര്‍ട്ടിയാര്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളീയ നാലുകെട്ട് മാതൃകയിലുള്ള അങ്കണമാണ്. പത്രസമ്മേളനങ്ങള്‍ക്കായും പ്രത്യേക ഹാള്‍ താഴത്തെ നിലയില്‍ കേന്ദ്രനേതാക്കള്‍, പ്രസിഡന്റ്, ജനറല്‍സെക്രട്ടറിമാര്‍, വിവിധ മോര്‍ച്ച ഭാരവാഹികള്‍, എന്നിവര്‍ക്കും അഞ്ച് നിലകളിലായി താമസ ഓഫീസ് സൗകര്യങ്ങളുണ്ട്. പുസ്തക ലൈബ്രറി, ഈ-ലൈബ്രറി തുടങ്ങിയവും ക്രമീകരിക്കും. അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ജിവനക്കാര്‍ക്കുള്ള ഡോര്‍മെറ്ററികളുമുണ്ട്.
ബിജെപിയുടെ ആദ്യ പ്രസിഡന്റ് ഒ.രാജഗോപാല്‍ ആയിരുന്നു. രണ്ടാമത് കെ. രാമന്‍പിള്ളയും, കെ.വി.ശ്രീധരന്‍ മാസ്റ്റര്‍ സി.കെ. പദ്മനാഭന്‍, അഡ്വ. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസിഡന്റുമാരായി. കുമ്മനം രാജശേഖരന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് കെട്ടിടത്തിന്റെ പണിതുടങ്ങിയത്. തറക്കല്ലിട്ട ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ അതിന്റെ ഉദ്ഘാടനത്തിനും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

