കേരള രാഷ്ട്രീയത്തിൽ സമീപ കാലത്ത് ഇടതുമുന്നണിക്ക് ഉണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് തുറന്നു സമ്മതിച്ചു സജി ചെറിയാൻ. യുഡിഎഫ് തേരോട്ടത്തിലും ചെങ്ങന്നൂരിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സജി ചെറിയാൻ ജയിച്ചു
‘തിരിച്ചടി അംഗീകരിക്കുന്നു. തിരിച്ചടിക്ക് കാരണം ഗൗരവമായി പരിശോധിക്കും. സംഘടനാപരമായ ദൗർബല്യങ്ങൾ വന്നിട്ടുണ്ടാകാം. ഞങ്ങളെടുത്ത നിലപാടുകളിലെ കുറവുകൾ പരിശോധിക്കേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളിലെ കുറവുകൾ തിരുത്തേണ്ടതുണ്ട്. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ എൽഡിഎഫിനുണ്ടായ ഏറ്റവും വലിയ പരാജയമാണിത്.
എന്നാൽ ആരും അഹങ്കരിക്കേണ്ടതില്ല. കഴിഞ്ഞ തവണ 99 സീറ്റുകളിലാണ് ഞങ്ങൾ ജയിച്ചത്. ഇന്നിപ്പോൾ സന്തോഷിച്ചവർ അടുത്ത തവണ കരയേണ്ടിവരും. മാന്യമായും മര്യാദയ്ക്കും ജനഹിതമറിഞ്ഞും പ്രവർത്തിച്ചാൽ തിരിച്ചുവരാൻ കഴിയും. പാർട്ടി പ്രവർത്തകർക്ക് നിരാശയുണ്ടാകേണ്ടതില്ല’- സജി ചെറിയാൻ പറഞ്ഞു.
99 സീറ്റുകളിൽ നിന്ന് 35 എന്ന പരിതാപകരമായ സ്ഥിതിയിലേക്കാണ് എൽഡിഎഫ് പതിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ മത്സരത്തിനിറങ്ങിയ 20 മന്ത്രിമാരിൽ 13 പേരും തോറ്റു. 40 സീറ്റുകളിലൊതുങ്ങിയ 2001-ലെ തിരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ് ഇത്രയും ചെറിയ സംഖ്യയിലേക്ക് നിലംപൊത്തുന്നത് ഇതാദ്യമാണ്.

