Spread the love

കൊല്ലം:ദുരൂഹസാഹചര്യത്തിൽ ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. സതീഷിനെ ഇക്കാര്യം കമ്പനി അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.

29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തത്.

അതേസമയം പീഡന ദൃശ്യം ചിത്രീകരിച്ച അതുല്യയുടെ മൊബൈൽ ഫോൺ കണ്ടെടുക്കണം. ഷാർജയിൽ നിന്ന് സതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം.

അതിനിടെ സംഭവത്തിൽ ഗുരുതര ആരോപണവുമായി അതുല്യയുടെ കുടുംബം രംഗത്തെത്തി. ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനു സംശയരോഗമുണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീകളെ അടിമയായാണ് കണ്ടിരുന്നത്. ആണുമായും പെണ്ണുമായും സംസാരിക്കാൻ സമ്മതിച്ചിരുന്നില്ല. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജോലി ചെയ്ത് ജീവിക്കണം എന്ന് എപ്പോഴും പറയുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.