നിയാസ് മുസ്തഫ
75,000 വോട്ടുകള്‍ നേടി നിലമ്പൂരില്‍ വീണ്ടും എംഎല്‍എ ആകുമെന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി അന്‍വറിന്റെ വോട്ടെടുപ്പ് കഴിയും വരെയുള്ള അവകാശവാദം.
എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് ബൂത്ത് തലത്തില്‍നിന്നും മറ്റുമുള്ള കണക്കുകള്‍ കൂട്ടിയും കിഴിച്ചും കഴിഞ്ഞപ്പോള്‍ അന്‍വറിനിപ്പോള്‍ യഥാര്‍ത്ഥ ചിത്രം മനസിലായിരിക്കുന്നു. താന്‍ തോല്‍ക്കും എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം ഉള്‍ക്കൊണ്ടിരിക്കുന്നു. എന്നാല്‍ മാന്യമായൊരു വോട്ടുവിഹിതം തനിക്കുണ്ടെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്യുന്നു.
താന്‍ പരാജയപ്പെട്ടാല്‍ പകരം വിജയിക്കാന്‍ ആഗ്രഹിക്കുന്നത് ആര്യാടന്‍ ഷൗക്കത്ത് ആവണമെന്ന ആഗ്രഹം അന്‍വര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അദ്ദേഹം തോല്‍വി ഉറിപ്പിച്ചുവെന്നതും വിജയിക്കുക ഷൗക്കത്ത് ആണെന്ന കണ്ടെത്തലുമാണ്.
നാളെ വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ആ വിജയം തന്റെ സ്ഥാനാര്‍ത്ഥിത്വം മൂലമാണെന്നാവും ഇനി അന്‍വര്‍ വാദിക്കുക. ഇതോടൊപ്പം താന്‍ പിണറായിസത്തിനെതിരേ സ്വീകരിച്ച ശക്തമായ പോരാട്ടം ജനങ്ങള്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം പറയും. ഇതുവഴി യുഡിഎഫിലേക്ക് കയറിക്കൂടാനുള്ള ശ്രമം അന്‍വര്‍ ഒരു വഴിയില്‍ക്കൂടി നടത്തുകയും ചെയ്യും.
അതേസമയം, ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളും കെപിസിസി നേതാവുമായ എ പി അനില്‍കുമാര്‍ എംഎല്‍എയ്‌ക്കെതിരേ അന്‍വര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു.
ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിക്കാന്‍ എ പി അനില്‍കുമാര്‍ രഹസ്യനീക്കം നടത്തിയെന്നാണ് പുതിയ പറച്ചില്‍. എ പി അനില്‍ കുമാറാണ് തനിക്കെതിരെ ചരട് വലിച്ചതെന്നും അന്‍വര്‍ പറയുന്നു.
വിഡി സതീശനുമായി അകല്‍ച്ചയുണ്ടായിട്ടുണ്ട്. അദ്ദേഹമെടുക്കേണ്ട നിലപാടല്ലല്ലോ എടുത്തത്. അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ച പല ഘടകങ്ങളുമുണ്ട്. പറവൂര്‍ സീറ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ നിയമസഭ കാണിക്കില്ല എന്നാണ് ഭീഷണി. രണ്ടാമത്തേത് പുനര്‍ജനിയുമായി ബന്ധപ്പെട്ട ഭീഷണിയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാല്‍ അത് എഫ്ഐആര്‍ ആകും – അന്‍വര്‍ പറയുന്നു.
തന്നെ യുഡിഎഫില്‍ എടുക്കാത്തതിന് പിന്നില്‍ സതീശന്റെ സ്വാര്‍ത്ഥതയും ഒപ്പം അനില്‍ കുമാറിന്റെ അജണ്ടയുമുണ്ടെന്നാണ് അന്‍വറിന്റെ പുതിയ കണ്ടെത്തല്‍. വണ്ടൂര്‍ എംഎല്‍എയ്ക്ക് മലപ്പുറം ജില്ലയില്‍ ഒറ്റ കോണ്‍ഗ്രസ് എംഎല്‍എ മാത്രം മതിയെന്നാണ് നിലപാട്. അത് അദ്ദേഹം മാത്രം ആയിരിക്കണമെന്നാണ് അനില്‍കുമാറിന്റെ പക്ഷം. പിന്തുണച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വണ്ടൂരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഷൗക്കത്ത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
എപി അനില്‍ കുമാര്‍ ആണ് തനിക്കെതിരെ ചരട് വലിച്ചത്. അനില്‍ കുമാര്‍ ഇനി നിയമസഭ കാണില്ല. പറവൂരില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കും. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണി ഇല്ലാതെ മുന്നോട്ട് പോകും – അന്‍വര്‍ പറയുന്നു.
ഇങ്ങനെയൊക്കെ പറയുമ്പോഴും ഒരു വശത്തുകൂടി യുഡിഎഫില്‍ ചേക്കേറാനാവും അന്‍വര്‍ ശ്രമിക്കുകയെന്നാണ് സൂചന. യുഡിഎഫിലെത്തിയില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ചെറുകിട സംഘടനകളെയും പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയുമൊക്കെ ഉള്‍പ്പെടുത്തി പുതിയൊരു രാഷ്ട്രീയ ചേരിയായി മാറാനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ അന്‍വര്‍ തീര്‍ന്നു എന്നു പ്രചരിപ്പിച്ചവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നര്‍ത്ഥം. മാന്യമായ വോട്ടുകള്‍ നേടുകയും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്താല്‍ അന്‍വറിന് അതൊരു ശുഭസൂചനയാണ്.

