ആലപ്പുഴ: മകന് അച്ഛനെ വെട്ടിക്കൊന്നതിന്റെ ഞെട്ടലിലാണ് കേരളം. ഇന്ന് ഭാര്യ നവ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെ ആണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് കഴിഞ്ഞ ദിവസം നടത്തിയത്.
രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നവജിത് രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നടരാജനായിരുന്നു. ഏറെ കടമുറികളും ബിസിനസുമെല്ലാമുള്ള കുടുംബത്തിന്റെ നിയന്ത്രണം കിട്ടാത്തതിന്റെ പേരില്‍ നവജിത്ത് പലതവണ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നാണ് വിവരം.
കരച്ചിലും ബഹളവും കേട്ടാണ് ഇന്നലെ രാത്രി നാട്ടുകാര്‍ ഓടിക്കൂടിയത്. തുറന്നിട്ട ജനലിലൂടെ വീടിനകത്തെ കാര്യങ്ങളെല്ലാം അറിയാന്‍ സാധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന മാതാപിതാക്കള്‍ക്കടുത്ത് വെട്ടുകത്തിയുമായി ഇരിക്കുകയായിരുന്ന നവജിത്തിനെയാണ് പൊലീസ് കാണുന്നത്. പൊലീസ് അകത്തു കയറിയ ശേഷം ഇയാള്‍ പതിയെ എഴുന്നേറ്റ് മുകള്‍ നിലയിലേക്ക് പോയി. ഏറെ നേരത്തെ മല്‍പ്പിടിത്തത്തിനു ശേഷമാണ് നവജിത്തിനെ പൊലീസ് കീഴടക്കി കസ്റ്റഡിയിലെടുത്തത്.
അതേസമയം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന നവജിത്ത് കുഴപ്പക്കാരനായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. നാട്ടുകാരുമായി ഇയാള്‍ക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിഞ്ഞതെന്നും സമീപവാസികളിലൊരാള്‍ പറഞ്ഞു.
കണ്ടുനില്ക്കാന് കഴിയാത്തനിലയിലാണ് നടരാജന്റെ മൃതദേഹം കണ്ടതെന്ന് സംഭവസ്ഥലത്തെത്തിയ മറ്റൊരാളും പ്രതികരിച്ചു. ചോരയില്‍ കുളിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാര്‍ പറഞ്ഞു. നവജിത്തിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇവര്‍ അവരുടെ വീട്ടിലാണുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

