കായംകുളം: പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരിക്ക് ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ചെട്ടികുളങ്ങര കണ്ണംമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെയും വിദ്യയുടെയും മകൾ ശ്രീഭദ്രയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 6.15ഓടെ കായംകുളം പൊലീസ് സ്റ്റേഷന് സമീപം കെ.പി. റോഡിലായിരുന്നു അപകടം. ശ്രീകാന്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രീഭദ്രയുടെ വാഹനത്തിൽ അതേ ദിശയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞതോടെ ശ്രീഭദ്ര തെറിച്ചുവീണ് ബസിനടിയിൽപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കരീലകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി എട്ടോടെ മരണം സംഭവിച്ചു.
അപകടത്തിൽ നിസാര പരിക്കുകളോടെയാണ് പിതാവ് ശ്രീകാന്ത് രക്ഷപ്പെട്ടത്. പത്തിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് ശ്രീകാന്ത്.ചെട്ടികുളങ്ങര ഈരേഴ വടക്ക് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ശ്രീ ഗണേഷാണ് സഹോദരൻ.
സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

