കോട്ടയം : വിവാഹച്ചടങ്ങുകൾക്കായി കരാർ നൽകിയ കേറ്ററിങ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഭക്ഷണം ലഭിക്കാതെ കുടുംബങ്ങൾ പ്രതിസന്ധിയിലായത്.
മുണ്ടക്കയം ചോറ്റി മഹാദേവക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിനായി ഏകദേശം 1.4 ലക്ഷം രൂപയും കഞ്ഞിക്കുഴിയിൽ 250 പേർക്ക് സദ്യയും ഇവന്റിനുമായി ഒരു ലക്ഷം രൂപയുമാണ് മുൻകൂറായി നൽകിയതെന്ന് കുടുംബങ്ങൾ പറയുന്നു. എന്നാൽ വിവാഹച്ചടങ്ങുകൾ ആരംഭിച്ചിട്ടും ഭക്ഷണം എത്താതിരുന്നതോടെ പ്രതിസന്ധിയിലായെന്നാണ് പരാതി.
കഞ്ഞിക്കുഴിയിൽ വിവാഹദിവസം രാവിലെ അതിഥികൾക്ക് നൽകേണ്ട വെൽക്കം ഡ്രിങ്ക്സ് പോലും എത്താതിരുന്നതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. കേറ്ററിംഗ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാഹനം ഈരാറ്റുപേട്ടയിൽവച്ച് അപകടത്തിൽപ്പെട്ടെന്നായിരുന്നു മറുപടി. വാഹനം അയച്ചുതരാമെന്ന് വീട്ടുകാർ പറഞ്ഞതോടെ ഭക്ഷണം തയ്യാറായിട്ടില്ലെന്നായി വിശദീകരണം.
താലികെട്ട് ചടങ്ങ് പൂർത്തിയായി അതിഥികൾ ഹാളിലെത്തിയിട്ടും ഭക്ഷണമോ കുടിവെള്ളമോ എത്തിയില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ കേറ്ററിംഗ് സംഘവുമായി ബന്ധപ്പെടാനാകാത്ത സ്ഥിതിയുണ്ടായതായും ഇവർ പറയുന്നു.
ചോറ്റിയിലും സമാനമായ പ്രതിസന്ധിയാണ് നേരിട്ടത്. ഉച്ചയോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി അതിഥികൾ മണ്ഡപത്തിലെത്തിയപ്പോഴും ഭക്ഷണം ലഭ്യമല്ലായിരുന്നു. ഞായറാഴ്ചയായതിനാൽ വലിയ അളവിൽ ഭക്ഷണം അടിയന്തരമായി മറ്റൊരിടത്തുനിന്ന് കണ്ടെത്തുന്നതും കുടുംബങ്ങൾക്ക് വെല്ലുവിളിയായി.
തുടർന്ന് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽനിന്ന് ഉച്ചയൂണ് സംഘടിപ്പിച്ചു. മറ്റൊരു ഹോട്ടലുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ബിരിയാണിയും തയ്യാറാക്കി അതിഥികൾക്ക് വിതരണം ചെയ്തതായും കുടുംബങ്ങൾ പറയുന്നു. കുടിവെള്ളത്തിനായി സമീപത്തെ സൂപ്പർ മാർക്കറ്റുകളെയാണ് ആശ്രയിക്കേണ്ടിവന്നത്.
സംഭവത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മുണ്ടക്കയം പൊലീസ് സ്റ്റേഷനിലും കുടുംബങ്ങൾ പരാതി നൽകി. കേറ്ററിംഗ് ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ധാർഷ്ട്യത്തോടെയാണ് പ്രതികരിച്ചതെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
വിവാഹച്ചടങ്ങുകൾക്കും മറ്റ് പരിപാടികൾക്കുമായി ആകർഷകമായ നിരക്കിൽ ഭക്ഷണവും ഇവന്റ് സേവനങ്ങളും നൽകാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സ്ഥാപനം ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്നാണ് പരാതിക്കാരുടെ ആരോപണം.

