ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ 23കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ 22കാരൻ അഭിജിത് കുൻഡുവാണ് പിടിയിലായത്.
കാംരൂപിലെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെയാണ് മുറിക്കുള്ളിൽ കുത്തേറ്റ നിലയിൽ മാലിനിയുടെ മൃതദേഹം കണ്ടെത്തിയത്. അഭിജിത്തിനെയും ഇതേ മുറിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെന്നൈയിൽനിന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് മാലിനി രംഗിയ റെയിൽവേ സ്റ്റേഷനിലെത്തിയത്. മാലിനിയെ സ്വീകരിക്കാനായി അഭിജിത്തും സ്റ്റേഷനിലെത്തിയിരുന്നു. സുഹൃത്തുക്കളുടെ മൊഴി പ്രകാരം അഭിജിത്ത് ആദ്യം മറ്റൊരു മുറിയാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ അർധരാത്രിയോടെ ഇയാൾ മാലിനി താമസിച്ചിരുന്ന മുറിയിലെത്തുകയായിരുന്നു.
രാവിലെ മാലിനിയുടെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടത് അഭിജിത്ത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മാലിനിയെ കൊലപ്പെടുത്തിയെന്നും ഇനി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഇയാൾ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു.
അതേസമയം ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ അഭിജിത്തിനെ പൊലീസ് കാവലിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് കത്രികയ്ക്കു പുറമെ ടെസ്റ്ററും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെ തുടർന്ന് ഗുവാഹത്തിയിൽനിന്നുള്ള ഫൊറൻസിക് സംഘം ഹോട്ടലിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മാലിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

