അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപി വനിതാ നേതാവിന്റെ മകന്റെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ്(24) ആത്മഹത്യ ചെയ്തത്. ശശി സിങ്, സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മരിച്ച നിധി സിങ് ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ്.
രണ്ട് വർഷം മുൻപായിരുന്നു സൗരഭുമായുള്ള നിധിയുടെ വിവാഹം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തന്റെ മരുമകളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് നിധിയുടെ സഹോദരൻ ആദിത്യ കുമാർ ബിഹാറിൽ നിന്നും സൂറത്തിൽ എത്തിയ ശേഷം നൽകിയ പരാതിയിലാണ് കദോദര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
അതേസമയം പോസ്റ്റ്മോർട്ടം നടപടികൾക്കിടയിൽ നിധിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പ് ഡോക്ടർമാർ കണ്ടെത്തി. ഭർതൃവീട്ടുകാർ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാകാം നിധി കുറിപ്പ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതെന്ന് കദോദര പൊലീസ് ഇൻസ്പെക്ടർ വി.എ. ദേശായി പറഞ്ഞു.
വിവാഹത്തിനു മുൻപും ശേഷവും സൗരഭ് സിങ്ങിന് വനിതാ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആദിത്യ കുമാറിന്റെ പരാതിയിൽ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

