അൽ ഐൻ: യുഎഇയിലെ അൽ ഐനിൽ പാർക്കിന് സമീപമുള്ള വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്.
വീടിന് സമീപത്തെ പാർക്കിൽ സഹോദരനും കൂട്ടുകാർക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. ഇതിനടുത്തുള്ള വീടിന് പുറത്തുവച്ചിരുന്ന വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി വൈദ്യുതാഘാതമേറ്റ് വീണു. ഇത് തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് വാട്ടർ കൂളറിൽ തൊട്ടതോടെയാണ് അപകടമുണ്ടായത്.
വലീദിന്റെ ഒപ്പമുണ്ടായിരുന്ന ഒൻപതു വയസ്സുകാരനായ സഹോദരൻ അഹമ്മദ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവാഹം അനുഭവപ്പെട്ടതോടെ കൈ പിൻവലിച്ച് വീട്ടിലേക്ക് ഓടിച്ചെന്ന് വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ കുടുംബം കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ കൂളറിൽ നിന്ന് പലരും സാധാരണയായി വെള്ളം കുടിക്കാറുള്ളതാണ്.
പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂൾ ബാഗും പഠനോപകരണങ്ങളും ഒരുക്കി, കായിക വസ്ത്രങ്ങൾ വാങ്ങാൻ പോകാനിരിക്കെയാണ് ദുരന്തം

