മെൽബൺ: മെൽബണിൽവച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയായ ടിജോ ജോസ് തോമസ്(35) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.45 ഓടെ സംഭവിച്ച കാർ അപകടത്തിലാണ് മരിച്ചത്. ബെൻഡിഗോക്ക് സമീപമുള്ള ഹണ്ട്ലി-ഫോസ്റ്റർവിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
ടിജോ സഞ്ചരിച്ച ചുവന്ന ടൊയോട്ട കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നെന്നും, സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചെന്നുമാണ് പോലീസ് പറയുന്നത്.
കിൽമോറിലാണ് ടിജോ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാര്യ അഞ്ചു തോമസ്. ഒരു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിലാണ് ടിജോയുടെ ജന്മദേശം. വിവിധ മലയാളി സംഘടനകളുടെയും, സുഹൃത്തുക്കളുടെയും സഹകരണത്തോടെ ശവസംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

