Spread the love

ഡെറാഡൂൺ: ഭാര്യയുടെ മറ്റൊരു ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബിഹാറിലെ സഹർസ സ്വദേശിയായ തൊഴിലാളി മദൻ മുഖിയയാണ് കൊല്ലപ്പെട്ടത്. ഭാര്യ മീനാ ദേവി (30), കാമുകൻ ലല്ലൻ ശർമ്മ (23) എന്നിവരെയാണ് ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി മദൻ മുഖിയയോടൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമ്മയും മീനാ ദേവിയും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മുഖിയ അടുത്തിടെ മനസ്സിലാക്കിയതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. മദ്യം കഴിക്കാനെന്ന വ്യാജേന മീനാ ദേവി ഭർത്താവിനെ കോളേജിന് സമീപത്തുള്ള വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖിയ ലഹരിയിലായതോടെ, മീനയും ലല്ലൻ ശർമ്മയും ചേർന്ന് കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം മണ്ഡുവാല വനത്തിലെ കൊക്കയിലേക്ക് തള്ളുകയുമായിരുന്നു..

മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്ന് ശനിയാഴ്ചയാണ് മുഖിയയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിട ഉടമ സുരേന്ദ്ര സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പ്രദേശത്ത് നിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചതിന് പിന്നാലെയാണ് ലല്ലൻ ശർമ്മ പൊലീസ് കസ്റ്റഡിയിലായത്.

ചോദ്യം ചെയ്യലിൽ ലല്ലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് മീനാ ദേവിയെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.