മാസപ്പടി വിവാദം: ഷോണ്‍ പുതിയ രാഷ്ട്രീയ കരുനീക്കത്തില്‍, അയോഗ്യതാ നീക്കത്തില്‍ പുതിയ വാദവുമായി കാപ്പന്
കോട്ടയം : മാസപ്പടി വിവാദത്തിലെ ഷോണ്‍ ജോര്‍ജിന്റെ വാര്‍ത്താ സമ്മേളനം ബിജെപിയില്‍ കത്തിപടരവേ അടുത്ത രാഷ്ട്രീയ നീക്കത്തിന് തയാറെടുക്കുന്നവോ പിസി ജോര്‍ജ് കുടുംബം. അത്തരത്തിലുളള അഭ്യൂഹം ശക്തിപ്പെടുകയാണ് പാലാ മേഖലയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച ഷോണ്‍ ബിജെപി വിട്ടുളള ഒരു രാഷ്ട്രീയ നീക്കത്തിനും ആലോചനയുളളതായാണ് റിപ്പോര്‍ട്ടുകള്‍. പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിലേക്ക് ചേക്കാറാനും പാലായില്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാനും പരിപാടിയുണ്ടെന്നാണ് സൂചന. ബിജെപി ഷോണിനെ ചതിച്ചു എന്ന നിലയിലുളള പ്രചാരണം പഴയ ജനപക്ഷം അണികള്‍ വിപുലമാക്കിയിട്ടുണ്ട്. ഇത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് അറിയുന്നത്. സന്ദീപ് വാര്യര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കൂടുകൂട്ടിയ വഴിയാണ് ഷോണ്‍ പക്ഷവും ചൂണ്ടികാട്ടുന്നത്.
മാസപ്പടി ഡയറിയില്‍ മുരളീധരന്റെ പേരുണ്ടെന്ന പ്രചാരണം ശക്തമായത് ഷോണ്‍ വാര്‍ത്താ സമ്മേളനം നടത്തിയ ശേഷമാണ്. ഇതോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ഷോണ്‍ ജോര്‍ജ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന അവസ്ഥ സംജാതമായി. ഷോണ്‍ നേരിട്ട് നേതാക്കളെ വിളിച്ച് തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമം നടത്തി. എങ്കിലും മുരളീധരപക്ഷത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. കൃഷ്ണദാസ് വിഭാഗവും ഷോണിനെതിരെയാണ്. ഇതോടെയാണ് പി.സി ജോര്‍ജ് കുടുംബം പുതിയ രാഷ്ട്രീയ കരുനീക്കം തുടങ്ങിയത്. പി.സി ജോര്‍ജിനെ ബിജെപിയില്‍ തന്നെ നിര്‍ത്തി ഷോണ്‍ പുതിയ ലാവണം തേടുന്നതാണ് ആലോചനയില്‍. പാലാ പോലെ ഒരു മണ്ഡലം യുഡിഎഫ് പിന്തുണയോടെ മത്സരിച്ചാല്‍ പിടിച്ചെടുക്കാനാവും എന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മാസപ്പടി ഡയറിയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ പേര് ചര്‍ച്ചയായത് ഷോണിന്റെ വാര്‍ത്താ സമ്മേളന ശേഷമാണ്. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് അടുപ്പമുളള യുഡിഎഫ് നേതാവ് വഴി പ്രവേശനം ഉറപ്പാക്കാനാണ് പരിപാടി.
കാപ്പന്റെ വാദം
അതേ സമയം അയോഗ്യതാ വിഷയത്തില്‍ മാണി സി കാപ്പന് നിയമ പോരാട്ടം ശക്തിപ്പെടുത്തുകയാണെന്നാണ് സൂചന. കാപ്പന് അയോഗ്യനായാല്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഷോണ്‍ തയാറെടുക്കുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടായിരുന്നതായി എതിര്‍വിഭാഗം ആരോപിച്ചിരുന്നു, സിറ്റിങ് എംഎല്‍എയെ അയോഗ്യനാക്കുന്ന വിഷയം കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരില്ലെന്നാണ് കാപ്പന്റെ വാദം..
ചെക്ക് കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായുള്ള വ്യവസായി ദിനേശ് മേനോന് വ്യാഴാഴ്ച സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാപ്പന് നിലപാട് വിശദീകരിച്ചത്. മുംബൈയിലെ ബോറിവാലിയിലെ അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കാപ്പന് മൂന്നര വര്‍ഷം തടവും 3.25 കോടി രൂപയില്‍ കൂടുതല്‍ പിഴയും ശിക്ഷ വിധിച്ച നാല് ചെക്ക് ബൗണ്‍സ് കേസുകളിലും മേനോന് പരാതിക്കാരനായിരുന്നു.പണം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അധിക തടവും വിധിയിലുണ്ട്.
ഒരു സിറ്റിംഗ് എംഎല്‍എയെ അയോഗ്യനാക്കാന്‍ കഴിയുമോ എന്ന് നിര്‍ണ്ണയിക്കുന്നതിന് ഭരണഘടനപരമായ സംവിധാനം ഉണ്ടെന്ന് കാപ്പന് പറയുന്നു. അത്തരമൊരു ചോദ്യം ഗവര്‍ണര്‍ക്ക് റഫര്‍ ചെയ്യപ്പെടും, തീരുമാനമെടുക്കുന്നതിന് മുമ്പ് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടും. ഗവര്‍ണറോട് ഈ അധികാരം പ്രയോഗിക്കാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന്കാപ്പന് വാദിച്ചു.താന്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നില്ലെന്നും മൂന്ന് കേസുകളില്‍ ഒരു വര്‍ഷവും ഒരു കേസില്‍ ആറ് മാസവും മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കാപ്പന് വ്യക്തമാക്കി.

