Spread the love

തൃശൂർ∙ ദേശീയപാത 66ൽ പനമ്പിക്കുന്ന് സെന്ററിൽ അർധരാത്രിയുണ്ടായ വാഹനാപകടത്തിന് കാരണം റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട ലോറിയാണെന്ന് ആരോപണം. പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലംവരെ മാത്രമേ ഹൈവേയിലൂടെ വണ്ടികൾ പോകുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്കു മാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ മുന്നറിയിപ്പുബോർഡുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളൊന്നുമില്ല. കോൺക്രീറ്റുപയോഗിച്ചുള്ള ചെറിയ ഭിത്തി സ്ഥാപിച്ച് ചെറുതായി തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

അതേസമയം നേരത്തെയും ഇത്തരത്തിൽ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

 

കൂടാതെ ഇതിലിടിച്ച് രണ്ടാഴ്ചമുൻപും അപകടമുണ്ടായിട്ടുണ്ട്. സൂചനാബോർഡുകളില്ലാത്തതുകാരണം ഭിത്തിയിൽ വന്നിടിച്ച കാറിലെ രണ്ടുപേർക്കാണ് അന്നു പരിക്കേറ്റത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാർ നിർത്തിയിട്ട ലോറിയിലിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ എട്ടുപേർ മരിച്ചു.

വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് എട്ടംഗ സംഘം സഞ്ചരിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ഒൻപതുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.