കർണാടകയിൽ കരിമ്പ് കൃഷിയ്ക്കായി മാസങ്ങളായി അടിമസമാന ജോലി; 32 തൊഴിലാളികളെ രക്ഷപ്പെടുത്തി
കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഗംഗനദൊഡ്ഡി ഗ്രാമത്തിലെ കരിമ്പ് കൃഷിയിടത്തിൽ ബന്ധിത തൊഴിലാളികളെപ്പോലെ ജോലി ചെയ്യുകയായിരുന്ന 32 പേരെ അധികൃതർ രക്ഷപ്പെടുത്തി. ഏഴ് സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.
തമിഴ്നാട്ടിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 30 പേരും ആന്ധ്രാപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് സംഘത്തിലുണ്ടായിരുന്നത്. വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് ഇവരെ എത്തിച്ചശേഷം കുറഞ്ഞ വേതനത്തിന് കരിമ്പ് വെട്ട് ജോലിക്ക് നിയോഗിച്ചെന്നാണ് ആരോപണം. ചിലർക്ക് വേതനം പോലും നൽകിയിരുന്നില്ലെന്നും പുറംലോകവുമായി ബന്ധപ്പെടുന്നത് തടഞ്ഞിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വൈദ്യപരിശോധനയിൽ 12 പേർക്ക് വേദനസംഹാരികൾ നൽകി. പരിക്കേറ്റ മൂന്ന് പേർക്ക് ചികിത്സ ലഭ്യമാക്കി. കൈമുട്ട് സ്ഥാനം തെറ്റിയ ഒരാളെ കൂടുതൽ ചികിത്സയ്ക്കായി കൊള്ളേഗാൾ ആശുപത്രിയിലേക്ക് മാറ്റി. കേസിലെ നാല് പ്രതികളിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ നിലവിൽ സർക്കാർ വിദ്യാർത്ഥി ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുകയാണ്.

