Spread the love

രാത്രി മുഴുവന്‍ പേമാരി, കരകവിഞ്ഞു പമ്പ. ഡാം തുറന്നേക്കും

കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയുമായി ലഭിച്ചതോടെ നദികളില്‍ ജലനിരപ്പുയര്‍ന്നു. പമ്പ നദിയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുകയാണ്. മിന്നല്‍ പ്രളയ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ പത്തനംതിട്ടയില്‍ പമ്പ നദിയിലെ മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നത് തീരുമാനം താമസിയാതെയുണ്ടാകും.

വീടുകളിലെ ടെറസ് സുരക്ഷിതമെന്ന് കരുതി ജനം നില്‍ക്കരുതെന്നും അധികൃതരുമായി ജനങ്ങള്‍ സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മന്ത്രി പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. റാന്നിയും ആറന്മുളയുമടക്കം വീണ്ടും പ്രളയഭീതിയിലാണ്.കോഴഞ്ചേരിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനൗണ്‍സ്‌മെന്റ് വഴി നിര്‍ദ്ദേശം നല്‍കിവരുന്നു.

കനത്ത മഴയും നദികളിലെ ഒഴുക്കും കണക്കിലെടുത്ത് മലകയറ്റവും തീര്‍ത്ഥാടനവും നിര്‍ത്തിവെച്ചു. ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ ഘട്ടങ്ങളായി കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.വെള്ളക്കെട്ട് ഭീഷണിയുള്ള പ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും തയ്യാറാകണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യര്‍ത്ഥിച്ചു.