എയിംസിന് ഏറ്റവും അനുയോജ്യം കോട്ടയത്തെ വെള്ളൂര്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍, ബിജെപിക്ക് താല്പര്യം തിരുവനന്തപുരം
സംസ്ഥാനത്ത് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം കോട്ടയം ജില്ലയിലെ വൈക്കം വെള്ളൂരെന്ന് ആണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എയിംസ് തിരുവനന്തപുരത്ത് മതി എന്ന നിലപാടിലാണ് ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രവും എന്നാണ് സൂചന. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്നാണ് കരുതുന്നത്. കോഴിക്കോടിനായിരുന്നു ആദ്യം പരിഗണന നല്‍കിയതെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ചു മതി എന്ന സമീപനത്തിലേക്ക് പൂര്‍ണമായി മാറി.
തിരുവനന്തപുരം കോര്പ്പറേഷന് മൂന്ന് എംഎല്‍എ മാര്‍ ഇത് പാര്‍ട്ടിക്ക് നല്കിയനാട്ടില് മതി കേന്ദ്രപദ്ധതി എന്നതാണ് നിലപാട്. കാസര്‍കോട്-ചീമേനി,കോഴിക്കോട്- ബാലുശ്ശേരി,തൃശൂര്‍-ചാലക്കുടി,കോട്ടയം-ആര്‍പ്പൂക്കര,എറണാകുളം-കളമശ്ശേരി എന്നിവിടങ്ങളാണ് പ്രോജക്ടനായി കണ്ടെത്തിയിട്ടുളളത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് താല്പര്യം തൃശൂരോ അല്ലെങ്കില്‍ തിരുവനന്തപുരമോ ആണെന്നാണ് സൂചനകള്‍.പത്ത് സ്ഥലങ്ങള്‍ പരിഗണിച്ചിരുന്നതെങ്കിലും അവസാന ലിസ്റ്റില്‍ 7 സ്ഥലങ്ങളാണുള്ളത്. അതില്‍ തിരുവനന്തപുരം കാട്ടാക്കട നെട്ടുകാല്തേരിക്കടുത്തുള്ള തേവന്‍കോട് പ്രദേശം കേന്ദ്രം പരിഗണിക്കാനിടയുണ്ട്.
കോട്ടയത്ത് രണ്ടു സ്ഥലങ്ങളാണ് പരിഗണിക്കുന്നത്, നഗര സമീപത്തുളള ആര്‍പ്പൂക്കര, കൂടാതെ വൈക്കം വെള്ളൂര്‍. ഇവിടെയുള്ള കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡിന് 692 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 227.18 ഏക്കര്‍ ഭൂമി ലഭ്യമാണ്. 200 ഏക്കറാണ് എയിംസിന് ആവശ്യം. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്രം വിറ്റപ്പോഴാണ് സംസ്ഥാനം ലേലത്തില്‍ പിടിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്.. റോഡ്-റെയില്‍ മാര്‍ഗങ്ങളുമുണ്ട്. കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്റര്‍. പിറവം റോഡ് റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത്. റോഡ് മാര്‍ഗം കോട്ടയം-എറണാകുളം റൂട്ടില്‍ കടുത്തുരുത്തിക്ക് അടുത്തു നിന്ന് 5 കിലോമീറ്റര്‍ മാത്രം. ഒരിക്കലും വറ്റാത്ത ശുദ്ധജലസ്രോതസായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്. രണ്ട് 110 കെ.വി. സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതി പൂര്‍ണതോതില്‍ ലഭ്യം. പരിഗണിക്കുന്ന മറ്റു പ്രദേശങ്ങളില്‍ ഇത്തരം സൗകര്യങ്ങള്‍ എല്ലാം ഒത്തുവരുന്നില്ല. നേരേകടവ് – മാക്കേക്കടവ് പാലം പൂര്‍ത്തീകരിക്കുന്നതോടെ ആലപ്പുഴയ്ക്കും പ്രയോജനം. കോട്ടയം ജില്ലയിലാണെങ്കിലും എറണാകുളം അതിര്‍ത്തിയോട് ചേര്‍ന്നാണ്. പത്തനംതിട്ട, ഇടുക്കി ജില്ലക്കാര്‍ക്കും സൗകര്യപ്രദം. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും എയിംസിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളോടെയുള്ള വിശദ റിപ്പോര്‍ട്ട് സംസ്ഥാനം അടുത്ത മാസം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. റവന്യു രേഖകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. ശേഷം സാദ്ധ്യതാപഠനം നടത്തി അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

