പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിക്കുകയാണ്.എണ്ണ കമ്പനികളുടെ നഷ്ടം നികത്താൻ പത്തു രൂപ വരെയെങ്കിലും പെട്രോൾ ഡീസൽ വില വർദ്ധിക്കാൻ ഇടയുണ്ട്.
.ഈ മാസം 15ന് ശേഷം മൂന്ന് തവണയാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോളിനും, ഡീസലിനും പുറമേ സിഎന്‍ജിക്കും വര്‍ദ്ധനവ് ഏര്‍പ്പെടുത്തി. ശനിയാഴ്ച അര്‍ധ രാത്രിക്ക് ശേഷം പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വര്‍ദ്ധിച്ചത്. ആകെ നാല് രൂപയിൽ അധികം വില ഉയർന്നു കഴിഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് എണ്ണക്കമ്പനികള്‍ നേരിടുന്നത്. ഇത് നികത്താന്‍ ഇനിയും വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ട് തന്നെ വിലയില്‍ ഇനിയും മാറ്റം വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ തടസ്സവും അസംസ്കൃത എണ്ണവിലയുടെ വര്‍ദ്ധനവുമാണ് പെട്രോള്‍ – ഡീസല്‍ വില കുത്തനെ വര്‍ദ്ധിക്കുന്നതിന് പിന്നില്‍. എണ്ണക്കടത്തിന് സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഗതാഗതം തടസ്സപ്പെട്ടതും വില വര്‍ദ്ധിക്കാന്‍ കാരണമായി. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്നതിനുശേഷം നിലവില്‍ 100-105 ഡോളര്‍ നിലവാരത്തിലാണ്.
എണ്ണക്കമ്പനികള്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. മൂന്ന് തവണ വര്‍ദ്ധനവ് വരുത്തിയെങ്കിലും ഇപ്പോള്‍ വില്‍ക്കുന്ന വിലയില്‍ നിന്ന് പോലും നഷ്ടം നികത്താന്‍ കഴിയില്ല. ഡീസലിന് 30 രൂപവരേയും പെട്രോളിന് 14 രൂപ വരേയും നഷ്ടം നിലവിലെ വില്‍പ്പന നിരക്കില്‍ ഉണ്ടെന്നാണ് ബിപിസിഎല്‍ ചെയര്മാന് കഴിഞ്ഞ ദിവസം പറഞ്ഞത്.

