Spread the love

ഭോപ്പാൽ: ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചാം മാസം നോയിഡ സ്വദേശിനി ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ മേയ് 12-നാണ് അഭിഭാഷകനായ സമർത്ഥ് സിങ്ങിന്റെ ഭാര്യ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ട്വിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകളെക്കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്യമായ വിവരങ്ങളില്ലാത്തത് എന്തുകൊണ്ടെന്ന് ട്വിഷയുടെ അഭിഭാഷകൻ ചോദിച്ചു. കൂടാതെ തൂങ്ങിമരിക്കാൻ ഉപയോഗിച്ചുവെന്ന് പറയുന്ന ബെൽറ്റ് കൃത്യസമയത്ത് ആശുപത്രിയിൽ ഹാജരാക്കിയിരുന്നില്ല. ഇതുകാരണം ഡോക്ടർമാർക്ക് കഴുത്തിലെ പാടുകളും ബെൽറ്റും തമ്മിൽ ഒത്തുനോക്കാൻ സാധിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

കൂടാതെ, ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പോലീസ് രേഖപ്പെടുത്തിയ ട്വിഷയുടെ ഉയരവും പോസ്റ്റ്‌മോർട്ടം സമയത്ത് രേഖപ്പെടുത്തിയ ഉയരവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ട്വിഷയുടെ അമ്മായിഅമ്മ റിട്ട. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായ ഗിരിബാല സിങ്ങിന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും, ഇവരുടെ സഹോദരി എയിംസിലെ പോസ്റ്റ്‌മോർട്ടം സമയത്ത് അവിടെ എന്തിനാണ് എത്തിയതെന്നും അഭിഭാഷകൻ കോടതിയിൽ ചോദ്യമുയർത്തി.

അതേസമയം കേസിലെ ഏറ്റവും വലിയ ദുരൂഹത സിസിടിവി ദൃശ്യങ്ങളാണ്. മേയ് 12-ന് രാത്രി 7.20-ഓടെ ദ്വിഷ ടെറസിലേക്ക് നടന്നുപോകുന്നത് സിസിടിവിയിലുണ്ട്. കൃത്യം ഒരു മണിക്കൂറിന് ശേഷം, അതായത് 8.20-ഓടെ മൂന്ന് പേർ ചേർന്ന് ദ്വിഷയുടെ മൃതദേഹം താഴേക്ക് കൊണ്ടുവരുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, പോലീസിന്റെ എഫ്‌ഐആർ പ്രകാരം മരണസമയം രേഖപ്പെടുത്തിയിരിക്കുന്നത് രാത്രി 10.50 നാണ്. ഈ മൂന്ന് മണിക്കൂറോളം വരുന്ന സമയത്തിനിടയിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് പോലീസിന് മറുപടിയില്ല.

2024-ൽ ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ട്വിഷയും ഗിരിബാല സിങ്ങിന്റെ മകൻ സമർത്ഥും പരിചയപ്പെട്ടത്. അഞ്ചുമാസം മുൻപാണ് ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങും ട്വിഷയും വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ട്വിഷയ്ക്ക് ഭർതൃവീട്ടിൽനിന്ന് പീഡനം നേരിടേണ്ടിവെന്നാണ് കുടുംബം പറയുന്നത്. വിവാഹം കഴിഞ്ഞയുടൻ ട്വിഷയ്ക്ക് പിതാവ് നൽകിയ ഓഹരികളടക്കമുള്ള 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് നൽകാൻ ഭർത്താവും ഭർതൃമാതാവും നിർബന്ധിച്ചിരുന്നു. റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാതാപിതാക്കൾ ആരോപിച്ചു.

അടുത്തിടെ ട്വിഷ ഗർഭിണിയായെങ്കിലും ഭർത്താവും ഭർതൃവീട്ടുകാരും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും കുടുംബം ആരോപിക്കുന്നുണ്ട്. ട്വിഷയ്ക്ക് കുഞ്ഞിന് ജന്മം നൽകാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുകേൾക്കാതെ ഭർതൃവീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. ഇത് മകളെ മാനസികമായി ഏറെ തളർത്തിയെന്നും കുടുംബം പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സമർത്ഥിനെ കണ്ടെത്താൻ ഭോപ്പാൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 10,000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.