ലക്നൗ: ഉത്തർപ്രദേശിലെ എറ്റാ ജില്ലയിൽ വിവാഹച്ചടങ്ങിനിടെ വരൻ നില തെറ്റി വീണതിനു പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി വധു. വരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധുവിന്റെ തീരുമാനം
കോട്ട്വാളി ദേഹാത്തിലെ കത്തോളി ഗ്രാമത്തിൽ നിന്നുള്ള വരനും സംഘവും ഞായറാഴ്ച സന്ധ്യയോടെയാണ് സാകീതിലുള്ള വധുവിന്റെ വീട്ടിലെത്തിയത്. വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ വരൻ അസാധാരണമായി നില തെറ്റി കസേരയിൽ നിന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ഓടിയെത്തി അദ്ദേഹത്തെ സഹായിച്ചു.
എന്നാൽ തുടക്കത്തിൽ സാധാരണ സംഭവമെന്ന മട്ടിലായിരുന്നു കാര്യങ്ങൾ പോയിരകുന്നതെങ്കിലും വരന് എന്തെങ്കിലും അസുഖമുണ്ടോ എന്ന സംശയം ശക്തമായതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ എതിർപ്പു പ്രകടിപ്പിക്കുകയായിരുന്നു.
വിവാഹാലോചന ഉറപ്പിക്കുന്നതിന് മുൻപ് വരന്റെ അസുഖത്തെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചുവെച്ചുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു.
ഇതോടെ തർക്കം പിന്നീട് ഇരുവിഭാഗങ്ങളും തമ്മിലുള്ള വലിയ വഴക്കായി മാറുകയും രാത്രി മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്തു. നാട്ടിലെ മുതിർന്നവരും ബന്ധുക്കളും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വരന്റെ മെഡിക്കല്‍ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ വിവാഹം നടക്കൂ എന്ന് വധു തീര്‍ത്തുപറയുകയും ചെയ്തു.

