Spread the love

‘ആദം നീ എവിടെയാകുന്നു’; വി ഡി സതീശന്‍ വിവിധ ക്രൈസ്തവ സമ്മേളനങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചു

കോട്ടയം: ദൈനംദിന ജീവിതത്തില്‍ ബൈബിളിലെ ഒരധ്യായം വായിക്കുന്നത് പതിവാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ബൈബിളില്‍ നിന്നു ലഭിച്ച അറിവിലൂടെ നടത്തിയ ബൈബിള്‍ പ്രഭാഷണങ്ങള്‍ പുസ്തക രൂപത്തിലാകുന്നു. ‘ആദം നീ എവിടെയാകുന്നു’ എന്ന പേരിട്ടിട്ടുള്ള പുസ്തകത്തില്‍ വി.ഡി സതീശന്‍ വിവിധ ക്രൈസ്തവ സമ്മേളനങ്ങ ളില്‍ നടത്തിയ പ്രസംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ചങ്ങനാശ്ശേരിയില്‍ മാതൃഇടവക നല്‍കിയ സ്വീകരണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് – ‘ആദം നീ എവിടെയാകുന്നു’ എന്ന പ്രസംഗം വൈറലായിരുന്നു.

22 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. നിന്റെ രാജ്യം വരേണമേ, ഈശോയില്‍ ജീവിച്ച കൊച്ചുത്രേസ്യ, നീ എന്റെ സങ്കേതവും കോട്ടയും, മുള്‍പ്പടര്‍പ്പിലെ മോശ, പേരു ചൊല്ലിവിളിക്കുന്ന ദൈവം തുടങ്ങിയ 22 അധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വായന തന്റെ ജീവിതത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ മുതല്‍ ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതല്‍ സമയം കണ്ടെത്തുക പതിവായിരുന്നുവെന്നു സതീശന്‍ ആമുഖക്കുറിപ്പില്‍ പറയുന്നു.

ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിരീക്ഷണത്തില്‍ നിന്നുള്ള പുസ്തകമാണ് ഇതെന്ന് അവതാരികയില്‍ മുന്‍ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ.സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ക്രിസ്തുദര്‍ശനങ്ങളിലൂടെയുള്ള സഞ്ചാരം എന്നാണ് പുസ്തകത്തിന്റെ കവറില്‍ എഴുതിയിരിക്കുന്നത്. ക്രിസ്തുവിനെപ്പോലെ കഴിഞ്ഞ 2000 വര്‍ഷമായി ലോകത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു വ്യക്തിയോ ആശയമോ ഉണ്ടെന്ന് തോന്നുന്നില്ലെന്നു വിവരിക്കുന്ന സതീശന്‍ ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനു ള്ള ആത്മവിശ്വാസമാണ് ക്രിസ്തു തനിക്ക് തന്നിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.