Spread the love

മലപ്പുറം : മങ്കടയിൽ കോടമഞ്ഞിന്റെ വശ്യത ആസ്വദിക്കാനെത്തിയ നാലുപേര്‍ വിടവാങ്ങിയത് ഒരു നാടിന്റെയാകെ വിങ്ങലായി മാറി. ഇടിമിന്നലേറ്റ് 4 സുഹൃത്തുക്കളാണ് മരിച്ചത്. ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളില സ്വദേശികളായ റഹീസ് (20), സിയാദ് (18), ബഹാസ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വെള്ളില സ്വദേശികളായ റോഷന്‍ (20), ഇഷ്ഹാത് (19), സല്‍മാനുല്‍ ഫാരിസ് (21) എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

വ്യൂ പോയിന്റ് കാണാനായി വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തിയതായിരുന്നു. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണിത്. 4 പേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിരുന്നു. എന്നാൽ രണ്ട് പേര്‍ മെഡിക്കൽ കോളേജിലെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ആറുപേരെയാണ് നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഒരാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ തങ്ങള്‍ ഏഴുപേരുണ്ടായിരുന്നുവെന്ന് അറിയിച്ചതോടെയാണ് ഒരാളെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറയുടെ മുകളില്‍നിന്ന് തെറിച്ചു പാറയിടുക്കില്‍ വീണുകിടക്കുന്ന നിലയില്‍ ഏഴാമത്തെ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.