Spread the love

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയ കാരണം
വിലയിരുത്താന്‍ കേരള കോണ്‍ഗ്രസ് എം യോഗം ശനിയാഴ്ച്ച കോട്ടയത്ത്, റോഷി ഫാക്ടര്‍ കത്തിപടര്‍ന്നേക്കാം

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ഉന്നത തല യോഗം ചേരുന്നു.കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം ശനിയാഴ്ച്ച കോട്ടയത്ത് ചേരും. രാവിലെ 10.30 മണി മുതല്‍ വൈകുന്നേരം വരെ കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ അധ്യക്ഷതയില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി ഡോ.സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റിലേക്ക് താഴ്ന്ന കേരള കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംപിയോട് പൊതുവേദിയില്‍ ശകാര ഭാഷയില്‍ സംസാരിച്ചതു മുതല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം, റബര്‍ വിലതകര്‍ച്ച, വന്യജീവി ആക്രമണം തുടങ്ങി പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിഷേധം പടര്‍ത്തിയ നിരവധി സംഭവങ്ങള്‍ ഇതിനകം തന്നെ നേതാക്കള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചില്ല എന്ന ആരോപണവും ഉണ്ട്. കൂടാതെ യുഡിഎഫിലേക്കുളള പ്രവേശനം അടച്ച് പാര്‍ട്ടി ചെയര്‍മാനെ പോലും പരസ്യമായി വെല്ലുവിളിച്ച റോഷി അഗസ്റ്റിനെതിരായ വികാരം ഇവയെല്ലാം യോഗത്തില്‍ ചര്‍ച്ച വിഷയമാകാനാണ് ഇട.