തൃശ്ശൂർ:കഴിഞ്ഞ ദിവസം തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദുരന്തത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് മരിച്ച വാർത്ത മലയാള സിനിമാ ലോകത്തിന് തന്നെ തീരാനോവായി. കഴിഞ്ഞ 13 വർഷമായി തന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന ബിജീഷ് തനിക്ക് സഹോദരതുല്യനായിരുന്നുവെന്ന് നടി അനന്യ കുറിച്ചു. ബിജീഷിനൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അനന്യയുടെ പ്രതികരണം.
“രാവിലെ എഴുന്നേറ്റത് നിന്റെ മരണവാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ സ്തംഭിച്ചുപോയി. എന്റെ കൂടെ സഹോദരനെപ്പോലെ നിന്ന്, എല്ലാ സ്വാതന്ത്ര്യത്തോടെയും തമാശകൾ പറഞ്ഞുമായിരുന്നു ജോലി ചെയ്തിരുന്നത്. നിന്നെ ഒരുപാട് മിസ്സ് ചെയ്യും ബിജി,” – അനന്യ ഫേസ്ബുക്കിൽ കുറിച്ചു. വലിയൊരു നഷ്ടമാണ് ബിജീഷിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം ബിജീഷിന്റെ വിയോഗത്തിൽ നടി നമിത പ്രമോദും നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ പങ്കുവെച്ചു.

