Spread the love

കോട്ടയം : റബ്ബർ ബോർഡിന് നാഥനില്ല വർഷങ്ങൾ . റബർ വില തകർച്ചയും താങ്ങുവിലയും കർഷകപ്രേമവും ചർച്ചയാകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും കേന്ദ്രസർക്കാർ സ്ഥാപനമായ റബ്ബർ ബോർഡിന് ചെയർമാനില്ല. 2024 ജൂണിൽ സാവർ ധനാനിയ ചെയർമാൻ പദം ഒഴിഞ്ഞശേഷം അധ്യക്ഷ പദത്തിലേക്ക് പിൻഗാമി എത്തിയിട്ടില്ല.

റബറിന് അടിസ്ഥാന വില 250 രൂപ ആകുന്ന തലത്തിലുള്ള അന്തരീക്ഷം തങ്ങൾ ബിജെപിയിൽ ചേരുന്നതോടെ സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പുനൽകിയ പാലായിലെ എൻഡിഎ സ്ഥാനാർത്ഥിക്കും പിതാവിനും ഇപ്പോൾ മിണ്ടാട്ടമില്ല.

പശ്ചിമബംഗാളിലെ വ്യവസായിയും ബിജെപി നേതാവുമായ ധനാനിയ ചെയർമാനായി എങ്കിലും ബോർഡിന് പൂർണ്ണസമയ സേവനം ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു.

റബ്ബർ കൃഷിയെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടാൻ ശ്രമിക്കുകയാണെന്നും ഉള്ള ആരോപണങ്ങൾക്കിടയിലാണ് അധ്യക്ഷപദത്തിൽ പകരം നിയമനം നടത്താതിരിക്കുന്നത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ കുമാർ യാദവ് ആണ് റബ്ബർ ബോർഡിന്റെ ചെയർമാൻ ചുമതല വഹിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ അദ്ദേഹം നിലവിൽ റബ്ബർ ബോർഡ് ചെയർമാന്റെ അധിക ചുമതലയാണ് വഹിക്കുന്നത്.
റബ്ബർ ബോർഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി എം. വസന്തഗേശൻ ആണ്.

റബ്ബർ ബോർഡിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പശ്ചാത്തലം ഉള്ള ജനപ്രതിനിധികളെ ചെയർമാൻ സ്ഥാനത്തേക്ക് മോദി സർക്കാർ വന്നശേഷം നിയോഗിച്ചത്. ഈ തീരുമാനത്തിന് ശേഷം റബർ ബോർഡിൽ ചില നിർണായക തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്തു. റബർ ആവർത്തന കൃഷി ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ബോർഡിന് റബർ കർഷകർക്ക് പ്രയോജനപ്രദമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല. ഇത് ബോർഡിൻറെ പ്രവർത്തനത്തിന്റെ താളം തെറ്റിക്കുന്നതായും ആക്ഷേപമുണ്ട്

റബ്ബർ ബോർഡ് യോഗം ചേരാത്തതും ബോർഡിനു പുതിയ അംഗങ്ങളെ നിയമിക്കാത്തതും വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ നാണ്യവിളയായ റബ്ബറിനെ പൂർണ്ണമായി തഴയുന്ന കേന്ദ്രസർക്കാരിൻറെ സമീപനമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ബിജെപി നേതാക്കളാകട്ടെ ഈ വിഷയത്തിൽ തികഞ്ഞ മൗനത്തിലും ആണ്. ബോർഡ് പൂർണമായും പ്രവർത്തിക്കാത്തതിനാൽ കർഷകർ വളരെ ബുദ്ധിമുട്ടുകയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ബോർഡിൽ നടക്കുന്നത്.അവരാകട്ടെ നയിക്കാൻ ആളില്ലാത്തതിനാൽ കർഷക വിഷയങ്ങൾ തികഞ്ഞ നിസ്സഹകരണമാണ് കാണിക്കുന്നത്.