Spread the love

കോട്ടയം : കോട്ടയത്തെ ബിജെപി പ്രതീക്ഷകൾക്ക് മങ്ങൽ. ഏറെ പ്രതീക്ഷ പുലർത്തിയ പൂഞ്ഞാർ പാലാ, മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ കിതയ്ക്കുന്നു?

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലും പാലായിലും പിസി ജോർജും മകൻ ഷോൺ ജോർജും മത്സരിക്കാൻ എത്തിയതോടെ വലിയ പ്രതീക്ഷയിൽ ആയിരുന്നു ബിജെപി . പൂഞ്ഞാറിൽ മൂന്നു പതിറ്റാണ്ടായി നിയമസഭ തെരഞ്ഞെടുപ്പ് രംഗത്തുള്ള മുൻ എംഎൽഎ കൂടിയായ പിസി ജോർജ് , പാലായിൽ മകൻ ഷോൺ ജോർജ് എന്നിവർ വിജയത്തിന് അരികെ എന്ന പ്രതീക്ഷയാണ് സൃഷ്ടിക്കപ്പെട്ടത്.

പാലായിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തുമെന്ന് അറിഞ്ഞതോടെ ആവേശം വർദ്ധിച്ചു. അതിനിടയിലാണ് അപ്രതീക്ഷിതമായി വേദി തിരുവല്ലയിലേക്ക് മാറ്റിയത്. പ്രധാനമന്ത്രിയുടെ ഒരു പൊതു ചടങ്ങ് അല്ലെങ്കിൽ റോഡ് ഷോ ഇതാണ് പാലായിൽ പ്രതീക്ഷിച്ചിരുന്നത്. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യനും ഈ റോഡ് ഷോ പ്രയോജനപ്രദം ആകുമെന്ന് കരുതി.

എന്നാൽ സുരക്ഷാകാരണങ്ങൾ മൂലമാണ് പ്രധാനമന്ത്രി പാലായിലെ പരിപാടി ഉപേക്ഷിച്ചതെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്ത് മാത്രമേ എത്തുകയുള്ളൂ എന്ന റിപ്പോർട്ടുകൾ പ്രകാരമാണ് പരിപാടി ഉപേക്ഷിച്ചതെന്നാണ് കിംവദന്തകൾ പരക്കുന്നത്. പകരം തിരുവല്ലയിൽ ബിജെപി നേതൃത്വത്തിന് ഏറ്റവും പ്രിയപ്പെട്ട അനൂപ് ആന്റണിയുടെ മണ്ഡലത്തിൽ പ്രധാനമന്ത്രി എത്തി. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് റോഡ് ഷോ നടത്തുകയും ചെയ്തു.

വിദേശ ഫണ്ട് സമാഹരണം സംബന്ധിച്ച എഫ് സി ആർ എ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചതോടെ കേരളത്തിലെ ഭരണ പ്രതിപക്ഷവും ക്രൈസ്തവ സഭകളും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി തന്നെ രംഗത്തുവന്നു. തെരഞ്ഞെടുപ്പിന് ഇടയിൽ ഇത്തരമൊരു നീക്കം ബിജെപിക്ക് ക്രൈസ്തവ മേഖലകളിലുള്ള മുന്നേറ്റത്തെ ചെറുക്കുമെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു. അവർ തിരുത്തൽ നടപടികൾ ആരംഭിച്ചുവെങ്കിലും പൂഞ്ഞാർ ആശാൻ ക്രൈസ്തവ ബിഷപ്പ് മാർക്കെതിരെ അവഹേളനപരമായ പ്രസ്താവന നടത്തി കഴിഞ്ഞിരുന്നു.

ക്രൈസ്തവ ബിഷപ്പുമാർ പറയുന്നത് ഊളത്തരം ആണെന്നും രാജ്യത്ത് വെറും രണ്ടര ശതമാനം ഉള്ള ക്രൈസ്തവരെ ബിജെപി കണക്കിലെടുക്കേണ്ടതില്ലെന്നും ആയിരുന്നു പിസി ജോർജിന്റെ പരാമർശം. ഇത് വിവാദമായി. ക്രൈസ്തവ ബിഷപ്പ് മാർ പരസ്യമായി തന്നെ ജോർജിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്തു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ദിനങ്ങളിൽ ആയിരുന്നു ഇത്. ഇതോടെ പൂഞ്ഞാർ ആശാനും മകനും പ്രതിസന്ധിയിലായി. പ്രധാനമന്ത്രിയുടെ പാലായിലേക്ക് ഉള്ള സന്ദർശനം ഉപേക്ഷിച്ചതോടെ കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പാലായിൽ എത്തിച്ചു. ജനക്കൂട്ടത്തെ ആകർഷിച്ച് തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

പാലായിൽ മാസങ്ങളായി ഷോൺ ജോർജ് പ്രചാരണത്തിന് അടിത്തറയിട്ടിരുന്നു.സംഘപരിവാർ നേതാക്കൾ പലതവണ പാലായിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾക്ക് എത്തിയിരുന്നു. പ്രധാനമന്ത്രി എത്തിയില്ലെങ്കിലും ഹൈന്ദവ വോട്ടുകൾ ചോരില്ലെന്നാണ് പിസി ജോർജ്ജും മകനും വിശ്വസിക്കുന്നത്.

മുമ്പ് എസ്ഡിപിഐ,പോപ്പുലർ ഫ്രണ്ട് ,പിഡിപി എന്നീ തീവ്രമതരാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ മത്സരിച്ച പിസി ക്ക് ഇക്കുറി മത്സരം കടുകട്ടിയാണ്. ഇവർ ജോർജിനെ കൈയെഴിഞ്ഞത് മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടു.അതിന് ശേഷം ഇവരെ തള്ളി പറഞ്ഞും അസഭൃവർഷം നടത്തിയും ബിജെപിയിലെത്തുകയായിരുന്നു. മുസ്ലീം വോട്ട് ലാക്കാക്കിയാണ് ജോർജ് ബിഷപ്പുമാരെ ആക്ഷേപിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അപ്പനും മകനും അടുത്തടുത്ത സീറ്റ് കൈവശപ്പെടുത്തിയത് മൂലം പാർട്ടിലെ ബഹുഭുരി പക്ഷവും നിസ്സഹകരണത്തിലാണ്.. പാർട്ടിയെ ഹൈജാക് ചെയ്യാനുള്ള നീക്കമാണെന്നും ഇവർ ആരോപിക്കുന്നുണ്ട്. എന്നാൽ ബിജെപി കോട്ടയത്ത് ക്രൈസ്തവ പാർട്ടിയായി (അച്ചായൻ പാർട്ടി)മാറി എന്ന മുറുമുറുപ്പ് ബിജെപിയിലെ ഒരു വിഭാഗത്തിലുണ്ട്. ഇതുതന്നെയാണ് തെരഞ്ഞെടുപ്പിൽ അപ്പനും മകനും നേരിടുന്ന വെല്ലുവിളിയും.