കോട്ടയം : തെരഞ്ഞെടുപ്പ് രംഗത്ത് മാധ്യമങ്ങളുടെ സമീപനവും രാഷ്ട്രീയപാരകളും പ്രമുഖർക്ക് തലവേദനയാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ ആവുന്നതോടെ കഴിയുന്നത്ര മാധ്യമ ശ്രദ്ധയിൽ പോസിറ്റീവ് ആയി നിൽക്കാനാണ് രാഷ്ട്രീയ നേതാക്കളുടെ ശ്രമം.
മാധ്യമങ്ങളെ ഒപ്പം നിർത്താൻ സ്ഥാനാർത്ഥികളും മുന്നണികളും ശ്രമിക്കുന്നതിനിടെ പ്രചാരണത്തിനിടെ കൂടെ നിൽക്കുന്നവരുടെ ബോധപൂർവ്വമോ അല്ലാതെയുള്ള കർമ്മഫലവും അനുഭവിക്കേണ്ടിവരുന്നു.
കോട്ടയത്ത് പ്രചാരണം കൊഴുപ്പിക്കാൻ ശശി തരൂർ എത്തിയപ്പോഴാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് പണിയായത്. സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ ദൃശ്യമാധ്യമപ്രവർത്തകരും യുവ കോൺഗ്രസ് നേതാക്കളുമായി വാക്കേറ്റുമായി.ഉന്തും തള്ളുമായി . കയ്യറ്റമായി. ഇതോടെ ഇടതു ക്യാമ്പ് ഉണർന്നു. മാധ്യമ ഗ്രൂപ്പുകളിൽചർച്ചയായി.മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളിയായി.
സൈബർ സഖാക്കൾ തിരുവഞ്ചൂരിനെതിരെ ഉറഞ്ഞുതുള്ളി. അതിനിടെ പ്രതിഷേധക്കുറിപ്പ് ഇറക്കാൻ വൈകിയ മാധ്യമ സംഘടന നേതാക്കൾക്കെതിരെയും പ്രതിഷേധമായി.മാധ്യമ ഗ്രൂപ്പിൽ പരസ്പരം പോരടിക്കുകയും ചെയ്തു. അക്ഷരവിദ്യ മറന്ന മാധ്യമപ്രവർത്തകനാണ് പ്രതിഷേധം പോസ്റ്റ് ചെയ്തത് എന്നത് ചിരി പടർത്തി.
ഈ പോരടിക്കൽ നിയന്ത്രണം വിട്ട പ്പോൾ പൂന്താനത്തിന്റെ വരി കുറിച്ച് സീനിയർ മാധ്യമപ്രവർത്തകൻ അല്പം ആത്മീയ ചിന്തയും വിതറി.
രാഷ്ട്രീയക്കാരൻ തിരികൊളുത്തിയ പടക്കത്തിന് തല വച്ചുകൊടുത്തു പരസ്പരം പോരടിച്ച് മാധ്യമലോകം കൊഴുക്കുകയാണ്.
അതിനിടെ തിരുവഞ്ചൂരിനെ ടാർഗറ്റ് ചെയ്തു ചില നീക്കങ്ങൾ നേരത്തെ തന്നെ നടന്നിരുന്നുവെന്നും അതിൻറെ തിരക്കഥയാണ് അനാവൃതമായതെന്നും സ്ഥിരീകരിക്കാത്ത അണിയറ രാഷ്ട്രീയ വർത്തമാനം ഉണ്ട്.
തിരുവഞ്ചൂരിന് മാത്രമല്ല പാലായിലെ ജോസ് മോനും ചില മാധ്യമങ്ങൾ ചെക്ക് വെച്ചതായാണ് റിപ്പോർട്ടുകൾ. ജോമോന്റെ കന്നി മത്സരത്തിന് തുരപ്പൻ പണി ചെയ്ത മാധ്യമപ്രവർത്തകനെ കോട്ടയം അഞ്ചുവർഷം മുമ്പ് കണ്ടതാണ്. ഇപ്പോഴും അടിവലി തുടരുന്നുവെന്നാണ് മാണി ഗ്രൂപ്പ് നേതാക്കളുടെ അടക്കം പറച്ചിൽ. ജോമോന്റെ സോഷ്യൽ മീഡിയ പിആർ ചെയ്യുന്ന പിസി ജോർജ്ജ് ബന്ധമുള്ള സംഘത്തിൻ്റെ പ്രഫഷണൽ അല്ലാത്ത പ്രവർത്തനങ്ങളാണ് തിരിച്ചടി ആയിരിക്കുന്നത്. പാർട്ടിയിൽ ഒരു സീനിയർ നേതാവ് തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ചില നേതാക്കൾ തൊട്ടാൽ കുരു പൊട്ടും. എന്നാൽ പൂഞ്ഞാറിൽ ആശാൻറെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ചിട്ടും സഹമാധ്യമപ്രവർത്തകർ പ്രതിഷേധിച്ചില്ല. ഇത് കോട്ടയം കാണുന്ന ഇരട്ട മാധ്യമനീതി.
പാലായിലെ ബിജെപി നേതാവിന് കൂടുതൽ കവറേജ് നൽകുന്നതായി ബിജെപിയിലെ നേതാക്കൾ തന്നെ കോട്ടയത്തെ മാധ്യമപ്രവർത്തകരോട് രഹസ്യമായി സൂചിപ്പിച്ചിരുന്നു.ഒരു പരാതി പോലെ.

