എഫ് സി ആർ എ ഭേദഗതിക്കെതിരെ പ്രതികരിച്ച ബിഷപ്പുമാർക്ക് തലക്ക് സുഖമില്ല.അവർ ഊളത്തരം പറഞ്ഞ് നടക്കുന്നു: പിസി ജോർജ്
കോട്ടയം: എഫ് സി ആര്‍ എ ഭേദഗതിക്കെതിരെ പ്രതികരിച്ച ബിഷപ്പുമാർക്ക് തലയ്ക്ക് സുഖമില്ലെന്ന് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജിന്റെ പരിഹാസം. ബിഷപ്പുമാർ ഊളത്തരം പറഞ്ഞ് നടക്കുകയാണെന്നും ജോർജ് കുറ്റപ്പെടുത്തി. ഒരു സ്വകാരൃ വാർത്താ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.ഇവിടെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്നും കോൺഗ്രസ് ഇല്ലെങ്കിൽ പ്രളയം എന്നും കരുതുന്നവരുണ്ട്.ഞാനിതൊന്നും മൈൻഡ് ചെയ്യുന്നില്ല. മെത്രാന്മാർ പറയുന്നിടത്തോളം വോട്ടുകൾ ക്രിസ്ത്യാനികൾ ചെയ്താൽ എങ്ങനെയാണ് പിണറായി വിജയന് ഇവിടെ ഭരിക്കാൻ സാധിച്ചത് എന്ന് പിസി ജോർജ് ചോദിച്ചു.ക്രിസ്ത്യാനികളും മെത്രാന്മാരെ മൈൻഡ് ചെയ്യുന്നില്ല.അങ്ങനെ എന്ത് ഊളത്തരവും പറഞ്ഞു നടക്കുന്ന കുറെ പിതാക്കന്മാർ ഉണ്ട്.ബിജെപി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ് അവർ.അവർക്കൊന്നും തലയ്ക്ക് സ്ഥിരമില്ല എന്നാണ് തൻറെ അഭിപ്രായം എന്നും പിസി ജോർജ് പറഞ്ഞു. ക്രിസ്ത്യാനികളെ അടച്ചാക്ഷേപിക്കുന്ന അഭിപ്രായവും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നുണ്ടായി.ക്രിസ്ത്യാനി എന്ന് പറഞ്ഞ് ഇവിടെ കിടന്ന് ചാടുന്നവന്മാർ ഭാരതത്തിൽ രണ്ട് ശതമാനമേ ഉള്ളുവെന്നും ബിജെപിയുടെ മാന്യത കൊണ്ടാണ് അവരെ ചുമന്നുകൊണ്ട് നടക്കുന്നത് എന്നുമായിരുന്നു പിസി ജോർജ് പറഞ്ഞത്.അതേസമയം എഫ്സിഐ ഭേദഗതിക്കെതിരെ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ,ഓർത്തഡോക്സ് സഭാതലവൻ ബസേലിയസ് കാതോലിക്കാ ബാവ എന്നിവർ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചതാണ് ജോർജിനെ പ്രകോപിതനാക്കിയത്. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയായ പിസി ജോർജിന്റെ പ്രസ്താവനക്കെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.

