Spread the love

പിസി ജോർജും മകൻ ഷോണും സഭയെ വില്പന ചരക്കാക്കുന്നു; വിശ്വാസികളിൽ അതൃപ്തി പുകയുന്നു: സേവ് ചർച്ച് ഫോറം

പാലാ: ബിജെപി നേതാക്കളായ പിസി ജോർജും മകൻ ഷോണും സഭയെ വില്പന ചരക്കാക്കുകയാണെന്ന ആക്ഷേപവുമായി സേവ് ചർച്ച് ഫോറം. പാലാ രൂപതയുമായി ബന്ധപ്പെട്ട പല സമ്മേളനങ്ങളിലും പി സി ജോർജിന്റെയും മകൻ ഷോൺ എന്നിവരുടെ സാന്നിധൃം വിശ്വാസികളിൽ അതൃപ്തി പുകയുന്നു. ക്രിസ്ത്യാനികളുടെ യാതൊരാവശ്യത്തിനും വേണ്ടി ചെറുവിരലനക്കാത്ത ഇവർ ഇപ്പോൾ ബിജെപിയിൽ സ്ഥാനമുറപ്പിക്കുവാൻ സഭയെയും ക്രൈസ്തവരെയും ചൂഷണം ചെയ്യുകയാണെന്നും അത് അനുവദിച്ചു കൊടുക്കാൻ പാടില്ല എന്നും സേവ് ചർച്ച് ഫോറം  മുന്നറിയിപ്പ് നൽകി.

ക്രൈസ്തവ സഭയ്ക്ക് വേണ്ടി എന്താണ് അവർ ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാൻ സഭാ നേതൃത്വം തയ്യാറാകണം എന്നാണ് സമിതിയുടെ ആവശ്യമെന്ന് ഫോറം വക്താവ് ബോബി ജോസഫ് പറഞ്ഞു. അടുത്തിടെ തിടനാട് പള്ളിയിലെ വൈദികനെതിരെ വരെ അസഭ്യവർഷം നടത്തിയ ആളാണ് പിസി ജോർജ്. മുനമ്പം പ്രശ്നത്തിൽ സമരം നടത്തുന്ന പാവങ്ങളുടെ മുമ്പിൽ ചെന്ന് രണ്ടു പ്രസംഗം നടത്താനും, കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ ഒന്നോ രണ്ടോ തവണ അവിടെ എത്തിച്ച് കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇവർ ശ്രമിച്ചിട്ടുള്ളത്.മുനമ്പത്ത് പാവങ്ങളായ ക്രിസ്ത്യാനികളുടെ പ്രശ്നത്തിന് എന്ത് പരിഹാരമാണ് ഉണ്ടാക്കിയിട്ടുള്ളത്? കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ നടന്ന തെരഞ്ഞെടുപ്പ് സംബന്ധമായ ചാനൽ ചർച്ചകളിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അദ്ദേഹത്തെ തേജോവധം ചെയ്യാനാണ് ബിജെപി പ്രതിനിധി ശ്രമിച്ചത്. ഇത്തരം കേസുകളിൽ എന്ത് ഇടപെടൽ നടത്തി പിതാവിന് സംരക്ഷണം നൽകാനാണ് ബിജെപിക്ക് സാധിച്ചിട്ടുള്ളത് എന്ന് ഫോറം നേതാക്കൾ ചോദിച്ചു.

 

ഇപ്പോഴും വടക്കേ ഇന്ത്യയിൽ ജോലി ചെയ്യുന്ന ക്രൈസ്തവ  മിഷനറിമാർ ജീവൻ പണയം വച്ചാണ് തങ്ങളുടെ സേവനം തുടരുന്നത്. ഓശാന – പെസഹ – ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷ നടത്തിപ്പിനും ഇലക്ഷൻ കമ്മീഷന്റെ പരിശീലനത്തിനുമെതിരെ ഒരു വാക്കു കൊണ്ടു പോലും ഉരിയാടാൻ ഷോൺ ജോർജോ പിസി ജോർജോ തയ്യാറായിട്ടില്ല എന്നത് ഓർമിക്കണമെന്നും സേവ് ചർച്ച് ഫോറം വക്താക്കൾ പറഞ്ഞു.പരമാരാധ്യനായ മാർ ക്ലിമീസ് തിരുമേനിയടക്കം നിവേദനങ്ങളിലൂടെ ബിജെപി നേതൃത്വത്തിന്റെ കാലുപിടിച്ച് നടക്കേണ്ട ഗതികേടാണ് ഉണ്ടായത്. ഇത്തരം ഉത്തരവുകൾ വന്നപ്പോൾ തന്നെ കൃത്യമായ ഇടപെടലുകൾ നടത്തേണ്ട ബാധ്യത ഒരു യഥാർത്ഥ ക്രൈസ്തവനായിരുന്നുവെങ്കിൽ ഷോൺ ജോർജിനും പിസി ജോർജിനും ജോർജ് കുര്യനും അനൂപ് ആൻറണിക്കും ഉണ്ടായിരുന്നു എന്നുള്ളത് മറക്കരുത്.ഇത്തരം നേതാക്കൾക്ക് വില്പനചരക്കാക്കാൻ സഭയെയും സഭാ വിശ്വാസികളെയും വിട്ടു നൽകാതിരിക്കാൻ സഭാ നേതൃത്വം ശ്രമിക്കണമെന്ന് സേവ് ചർച്ച് ഫോറം വക്താവ് ബോബി ജോസഫ് ആവശ്യപ്പെട്ടു.