Spread the love

ഇവി കാര്‍ ചാര്‍ജിംഗ് പോയിന്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഗ്യാസ് സിലണ്ടറുകളിലേക്ക് തീപടര്‍ന്ന് എട്ടു മരണം. സംഭവം മധ്യപ്രദേശിലെ ഇന്‍ഡോറില്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലും തുടര്‍ന്നു ഗ്യാസ് സിലിണ്ടറുകള്‍ കത്തിയുളള തീപിടിത്തത്തിലും 2 കുട്ടികളും 3 സ്ത്രീകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 8 പേര്‍ മരിച്ചു. ബ്രജേശ്വരി അനെക്‌സ് കോളനിയിലെ 3 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചാര്‍ജിങ് പോയിന്റിലാണ് പുലര്‍ച്ചെ നാലരയോടെ സ്‌ഫോടനമുണ്ടായത്.

തുടര്‍ന്ന്, വീട്ടില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലണ്ടറുകളിലേക്ക് തീ പടര്‍ന്നു. വീടിനുള്ളില്‍ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി.

അന്വേഷണത്തിന് സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായധനം പ്രഖ്യാപിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പോലീ്‌സ് നിഗമനം. വീട്ടില്‍ ഒരു ആഘോഷ പരിപാടി നടക്കുന്നതിനാല്‍ ബന്ധുക്കളും എത്തിയിരുന്നു. അതാണ് മരണ സംഖ്യ ഉയര്‍ന്നത്. വാതിലുകളില്‍ ഇലക്ട്രോണിക്ക് ലോക്ക് ആയിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലും തടസം നേരിട്ടു.