പുതിയ തീരുമാനം വരുന്നതോടെ സര്‍ക്കാര്‍ പ്രവൃത്തി ദിനങ്ങള്‍ മാസം ഫലത്തില്‍ 20 ആയി കുറയും. പൊതു അവധിദിനങ്ങളുളള മാസങ്ങളില്‍ അത്് 15 വരെ ആകും.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ച്ചയില്‍ അഞ്ചുദിവസം മാത്രം പ്രവൃത്തിദിനമാക്കി സന്തോഷിപ്പിക്കാനും നീക്കം. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രാവിലെയും വൈകുന്നേരവും ജോലി സമയം വര്‍ധിപ്പിച്ച് ശനിയാഴ്ച്ചയിലെ ജോലി ചെയ്യാമെന്നാണ് സര്‍ക്കാര്‍ സംഘനകളുടെവാദം. പുതിയ തീരുമാനം നടപ്പിലായാല്‍ ഇനി ശനിയാഴ്ച്ചകളില്‍ ഓഫീസ് പ്രവര്‍ത്തിക്കില്ല.
കേന്ദ്രസര്‍ക്കാരില്‍ അഞ്ചുദിവസമാണ് പ്രവൃത്തി ദിനമെങ്കിലും കാഷ്വല്‍ ലീവ് എട്ടുമാത്രമാണ്. കേരളത്തില്‍ 20 ഉം. ഇത് കുറയ്ക്കാന്‍ പറ്റില്ലെന്നുമാത്രമാണ് ജനസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടകളുടെ വാദം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ സംസ്ഥാനത്തെ പൊതുജനങ്ങള്‍ എത്തുന്നത് കുറവാണെങ്കിലും റവന്യൂ, കൃഷി, സിവില്‍സപ്ലൈസ്, പഞ്ചായത്ത്, കലക്ട്രേറ്റ് തുടങ്ങിയ ഓഫീസുകളില്‍ കേരളത്തില്‍ സാധാരണ ജനം ദിവസവും ബന്ധപ്പെടുന്നതാണ്. പുതിയ നീക്കത്തോടെ ഇവിടുത്തെ സേവനം ഫലത്തില്‍ കുറയും.
പ്രവൃത്തി സമയം വര്‍ധിപ്പിച്ചാലും ജീവനക്കാര്‍ക്ക് അധിക സമയം ചെലവിടാന്‍ കഴിയില്ല. കാരണം യാത്രാപ്രശ്‌നം തന്നെ. ട്രെയിനിലും ബസുകളിലും എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആ സമയം അനുസരിച്ചു മാത്രമെ ജോലിയില്‍ പ്രവേശിക്കാനും തിരികെ പോകാനും കഴിയൂ. പ്രത്യേകിച്ച് തലസ്ഥാനത്തെ ഓഫീസ് ജീവനക്കാരില്‍ ഭൂരിപക്ഷവും ട്രെയിനെയും ബസ് ഉള്‍പ്പടെയുളള ഗതാഗത സംവിധാനത്തെയും ആശ്രയിക്കുന്നതാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍, തുടര്‍ച്ചയായി ശനിയും ഞായറും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാതെ വരുന്നതു ജനങ്ങളുടെ എതിര്‍പ്പിനു കാരണമാകുമെന്നു വാദമുണ്ട്. നേരത്തേ രണ്ടുവട്ടം മന്ത്രിമാര്‍ അടക്കം എതിര്‍ത്തതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറച്ച് ശനി അവധിയാക്കുക എന്ന തീരുമാനത്തിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണ്. ഇതു സംബന്ധിച്ച ഫയല്‍ പൊതുഭരണ സെക്രട്ടറി കെ.ബിജു ചീഫ് സെക്രട്ടറി എ.ജയതിലകിനു കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ചാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.
ശനി അവധിയാക്കുന്നതിനു ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലമാണെങ്കിലും പകരം അവധിദിനങ്ങള്‍ വെട്ടിക്കുറച്ചാല്‍ എതിര്‍പ്പുണ്ടാകും. വാഹനം, വൈദ്യുതി, വെള്ളം തുടങ്ങിയ ചെലവുകളും ദിവസ വേതനക്കാര്‍ക്കുള്ള പ്രതിഫലവും കുറയ്ക്കാമെന്നതാണ് ശനി അവധിയാക്കുന്നതുകൊണ്ടുള്ള മെച്ചമായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

