തിരുവല്ല: തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോളിൽ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. പെൺകുട്ടി മോഡൽ പരീക്ഷ കഴിഞ്ഞെത്തി ആൺസുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. ആൺ സുഹൃത്തായിരുന്ന ജവാദ് ബ്രേക്ക് അപ്പ് ആയെന്നും സൗഹൃദത്തിൽ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞതിൽ മനംനൊന്താണ് അപർണ ജീവനൊടുക്കിയത്.
വീടിന്റെ അടുക്കളയിലാണ് 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആൺ 21കാരൻ ജവാദെത്തിയിരുന്നു. താൻ പ്രണയത്തിൽ നിന്ന് പിന്മാറുകയാണെന്ന് ജവാദ് പെൺകുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയിൽ വെച്ച് തന്നെ തർക്കമായി. ജവാദ് വാങ്ങി നൽകിയ മൊബൈൽ ഫോൺ അപർണ എടുത്തെറിഞ്ഞു. പിന്നാലെ വീട്ടിലേക്ക് ഓടി. ഇതിനിടെ മരിക്കാൻ പോകുന്നുവെന്ന് അപർണ യുവാവിനെ ഫോണിൽ വിളിച്ചു പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഈ സമയമുണ്ടായിരുന്നത്. വീട്ടിലെത്തിയതോടെ അപർണ അടുക്കളയിൽ ഷാൾ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

