Spread the love

ശബരിമല പാരഡി ഗാനം പോറ്റിയേ കേറ്റിയേ എതിരായ നടപടികളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍. പാരഡിക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍

തദ്ദേശതെരഞ്ഞെടുപ്പില്‍ വൈറലായ പാരഡിഗാനം എല്‍ഡിഎഫിന് തിരിച്ചടിയായി എന്നു ബോധ്യപ്പെട്ടപ്പോഴാണ് പാട്ടിനെതിരെ പോലീസ് നടപടിയ്ക്ക് ഒരുങ്ങിയത്. എന്നാല്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ സുല്ലിടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് കേസ് നടപടികളില്‍ നിന്നു പിന്മാറാന്‍ എഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്

പാട്ടു നിരോധിച്ചാല്‍ നേതാക്കളുടെ വീട്ടില്‍പോയി പാടും.കെ മുരളീധരന്‍

പാട്ടു നിരോധിച്ചാല്‍ നിരോധിച്ചവന്റെ വീടിന്റെ മുന്നില്‍ കോണ്‍ഗ്രസ്  നേതാക്കള്‍ പോയി പാടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചിരുന്നു. പാട്ടെഴുതിയവര്‍ക്കും പാടിയവര്‍ക്കും യുഡിഎഫ് സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു.

സ്വര്‍ണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല. ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാന്‍ ഉള്ളതെന്നും കക്കുമ്പോള്‍ ആലോചിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.