തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്ട് ഇന്നു 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനിടയുണ്ട്. ഇത് സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ച താപനിലയാണ്. കേരളത്തില്‍ ഉഷ്ണതരംഗ സാഹചര്യം ഉണ്ടാകുന്നത് അപൂര്‍വമാണ്. 2016-ല്‍ പാലക്കാട്ടും തൃശ്ശൂരും 2024-ല്‍ പാലക്കാട്ടും കോഴിക്കോടും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 26 വരെ കേരളത്തിലെ 12 ജില്ലകളിലും താപനില ശരാശരിയില്‍ നിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. അതേസമയം ഉഷ്ണ തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, അവധിക്കാല ക്ലാസ്സുകള്‍ അടക്കം നടത്തരുതെന്നാണ് നിര്‍ദേശം. സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യസാഹചര്യങ്ങളില്‍ ഓണ്‍ലൈനായി ക്ലാസ്സുകള്‍ നടത്താവുന്നതാണ്. പകല്‍ 11 മുതല്‍ 3 മണി വരെ പുറത്ത് വെച്ചുള്ള എല്ലാ പൊതു പരിപാടികളും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. പകല്‍ പൂരം, വെടിക്കെട്ട്, ആന എഴുന്നെള്ളിപ്പ് എന്നിവ ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം. പകല്‍ നേരത്തെ തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. കുട്ടികള്#ക്ക് പോഷകാഹാരം വീട്ടിലത്തിച്ചു നല്‍കും. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.
- പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.
- വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
- വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ
- കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
- പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.
- പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം.
- മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.
- സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
- പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
- തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.
ക്ഷീണമോ സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.

