നടി ആക്രമിക്കപ്പെട്ട കേസിൽ കോടതിവിധി പകർപ്പിലെ ‘ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ ഗൂഢാലോചനപുറത്തുകൊണ്ടുവരുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി കുറ്റപ്പെടുത്തുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ല.
പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ചോദിക്കുന്നു.
പരാതിക്കാരി ആക്രമിക്കപ്പെട്ടതിന്റെ സ്വകാര്യദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിധിന്യായത്തില്‍ പരാമര്‍ശം. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ സുരക്ഷിതമാണെന്നും ഇതിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
സ്വകാര്യദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള ആരോപണങ്ങള്‍ വിചാരണയുടെ പല ഘട്ടങ്ങളില്‍ ഉയരുകയും ചെയ്തു. കോടതിയില്‍ തെളിവായി ഹാജരാക്കിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകളുടെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി വിധിന്യായത്തില്‍ പറയുന്നു. പരാതിക്കാരിയുടെ സ്വകാര്യത ഒരു ഘട്ടത്തിലും ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം വാദത്തിന്റെ അവസാനഘട്ടത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും സമ്മതിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കിയിരിക്കുന്നു.
പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കാണാതായതിനെ കുറിച്ചും വിധിന്യായത്തില്‍ പറയുന്നു. ആ ഫോണ്‍ കണ്ടെത്താനുള്ള കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടിയോട് ദിലീപിന് വിരോധമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ തക്കവിധത്തിലുള്ള യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറയുന്നു. ഗൂഢാലോചനയുമായും പള്‍സര്‍ സുനി ദിലീപുമായി നടത്തിയ കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ട് ഹാജരാക്കിയ സാക്ഷികളും തെളിവുകളും പര്യാപ്തമല്ല
നടി ആക്രമിക്കപ്പെട്ട കേസിൽ മാധ്യമങ്ങളുടെ സമീപനം ഉൾപ്പെടെ കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടിരുന്നു. മറ്റുള്ള പ്രതികൾക്ക് കഠിനതടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

