മുണ്ടക്കയം പഞ്ചായത്തില്‍ മുസ്ലിം ലീഗിന് അനുവദിച്ച ഏക സീറ്റായ മൈക്കോളജിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിനി ആന്റോയ്ക്ക് തിളക്കമാര്‍ന്ന വിജയം.
കാലങ്ങളായി കോണ്‍ഗ്രസ് വിജയിച്ചു കൊണ്ടിരുന്ന വാര്‍ഡ് ആയിരുന്നു ഇത്. വാര്‍ഡ് കമ്മറ്റിയോട് ആലോചിക്കാതെ ഈ വാര്‍ഡ് ലീഗിന് വിട്ടുനല്‍കിയതില്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കമ്മിറ്റിക്കും പ്രവര്‍ത്തകര്‍ക്കും ശക്തമായ വിജോയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച സിനി ആന്റോയ്ക്ക് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പിന്തണ പ്രഖ്യാപിച്ചതും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതും.

ഇതേ തുടര്‍ന്ന് ഈ വാര്‍ഡിലെ വാര്‍ഡ് മെമ്പര്‍ ആയിരുന്ന ജിനീഷ് മുഹമ്മദിനെയും പ്രമുഖ നേതാവ് ആയിരുന്ന അരുണ്‍ കോക്കാപ്പള്ളിയേയും കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കോണ്‍ഗ്രസുകാര്‍ക്കിടയിലുള്ള വീര്യം വര്‍ദ്ധിച്ചു.
എങ്ങനെയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ ഊണും ഉറക്കവുമില്ലാതെ അവര്‍ അക്ഷീണം പരിശ്രമിച്ചു. ഈ പരിശ്രമത്തിന്റെ വിജയമാണ് സിനി ആന്റോയുടെ കാര്‍ അടയാളത്തിലുള്ള വിജയം.
ഇതിനിടെ വാര്‍ഡില്‍ ലീഗിന്റെ ടിക്കറ്റില്‍ വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീമ ഹാരിസിനുവേണ്ടി വാര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ പോലും ആളില്ലാതെ വിഷമിക്കുന്ന ഘട്ടം വരെ വന്നു. പിന്നീട് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ.എസ് രാജു എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ വീടുകളില്‍ കയറിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഇതിനിടെ കോണ്‍ഗ്രസിന്റെ സമീപ വാര്‍ഡംഗവും ഈ വാര്‍ഡില്‍ താമസക്കാരിയുമായ ആള് എല്‍ഡിഎഫിന് വേണ്ടി രഹസ്യമായി പണിയെടുത്തതും വിജയം കണ്ടില്ല.
സിനി ആന്റോയുടെ വിജയം ഈ വാര്‍ഡിലെ മുന്‍ അംഗം ജിനീഷ് മുഹമ്മദിനുള്ള വിജയം കൂടിയാണ്. ജിനീഷ് മുഹമ്മദിന്റെ വാര്‍ഡിലെ കഴിഞ്ഞകാല പ്രവര്‍ത്തനം ഏറെ പ്രശംസനീയമായിരുന്നു. ജിനീഷ് മുഹമ്മദ് പറയുന്നിടത്ത് വോട്ട് ചെയ്യാന്‍ വരെ വോട്ടര്‍മാര്‍ എത്തുന്ന തലത്തിലേക്ക് വാര്‍ഡില്‍ സര്വ്വസമ്മതനാകാന് ജിനീഷ് മുഹമ്മദിന് സാധിച്ചു.
ഈ സ്വാധീനവും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തവും കൂടിയായപ്പോള്‍ സിനി ആന്റോ പുഷ്പം പോലെ വിജയിച്ചു കയറുകയായിരുന്നു.

