നടിയെ ആക്രമിച്ചതായ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ അഭിപ്രായം പറഞ്ഞു കുടുങ്ങി കോൺഗ്രസ്
രമേശ് ചെന്നിത്തല അതിജീവിതയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ യുഡിഎഫ് കൺവീനറായ അടൂർ പ്രകാശ് ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസിൽ ദിലീപിന് നീതി ലഭ്യമായെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച സർക്കാരിനെയും അടൂർ പ്രകാശ് പരിഹസിച്ചു. സർക്കാരിന് വേറെ ജോലിയില്ലാത്തത് കൊണ്ടാണ് അപ്പീലുമായി പോകുന്നതെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ആരെ ഉപദ്രവിക്കാമെന്ന് നോക്കിനിൽക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
എന്നാൽ ഇത് അടൂർ പ്രകാശിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ് ചെയ്യുന്നത്
എന്നാൽ കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല, അതിജീവിതയ്‌ക്കൊപ്പമാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. വിധി പൂർണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടപ്പോൾ, കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ പ്രതികരിച്ചത്.
ഒരു സ്ത്രീക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും അതിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നതിൽ സന്തോഷമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് ആരോപിച്ച സണ്ണി ജോസഫ് ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിയാതെ പോയത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയിൽ കേസ് അവതരിപ്പിച്ച പ്രോസിക്യൂഷന്റെയും പരാജയമാണെന്നും പറഞ്ഞു. അടൂർ പ്രകാശിന്റെ പ്രസ്താവന തള്ളി സണ്ണി ജോസഫ് ഇപ്പോൾ രംഗത്തെത്തി.

