യുവതിയുടെ പരാതിയിലുളള പോലീസ് കേസിനെ തുടര്‍ന്ന് ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടം എംഎല്‍എ മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും. പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും സ്വകാര്യ സംഭാഷണ വോയ്‌സ് ക്ലിപ്പുകള്‍ പരസ്യമായതോടെയാണ് യുവതി അകന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. താന്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണം തെറ്റിദ്ധരിപ്പിക്കിലാണ്. തനിക്ക് അറസ്റ്റ് ഭീതിയില്ലാതെ ആയാല്‍ ഡിജിപിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവും.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് യുവതി ദീര്‍ഘകാലം അവധിയെടുത്തിരുന്നു. തിരികെ പ്രവേശിക്കാനെത്തിയപ്പോള്‍ താനുമായി അടുപ്പത്തിലായിരുന്നെന്നും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതിനാലാണ് അവധിയെടുത്തതെന്നും എഴുതി നല്‍കണമെന്നു മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്നു പരാതിക്കാരി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് താനാണെന്ന് അവര്‍ സംശയിച്ചു. ആരാണിതു പുറത്തുവിട്ടതെന്നു കണ്ടെത്തണം. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് രാഹുലിനായി ഹാജരാകുന്നത്.
അതിനിടെ ഒന്‍പതു ദിവസമായി ഒളിവില്‍ കഴിയുന്ന എംഎല്‍എയെ പിടികൂടാന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി. രാഹുലിന്റെ സഹായികളെ പിടികൂടിയെങ്കിലും താമസ സ്ഥലം അടിയ്ക്കടി മാറുന്നതിനാല്‍ പോലീസ് കുഴങ്ങുകയാണ്. കര്‍ണാടകയിലാണ് രാഹുല്‍ എന്ന രീതിയിലാണ് പോലീസ്. കര്‍ണാടകയിലെ ഭരണത്തിലുളള കോണ്‍ഗ്രസ് നേതാക്കളില്‍ ആരുടെയെങ്കിലും സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന സംശയവും പോലീസിനുണ്ട്.

