രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയല്‍.
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ് വീക്ഷണം പറയുന്നത്.
രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഎം കഴുത്തോളം മാലിന്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നിട്ടും സിപിഎം കോണ്‍ഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ നിന്നുണ്ടാകുന്നത് അതിസാരവും ഛര്‍ദിയും. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.
1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്‌ക്രീം പാര്‍ലര്‍ കേസും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോഴും സിപിഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നു. ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു.
രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തില്‍ ലേഖനമുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറയുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിന് മുഖപത്രം പിന്തുണയാണ് നല്‍കുന്നത്.

