Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം നടന്‍ ജയറാമിലേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയാമെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണപാളികള്‍ ജയറാമിന്റെ വസതിയിലെത്തിച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ചെന്നൈയിലുളള വസതിയിലാണ് എത്തിച്ചത്. ഇതു കണക്കിലെടുത്താണ് ജയറാമിനെ അന്വേഷണ സംഘം സമീപിക്കുന്നതെന്നാണ് സൂചന. ജയറാമിനെ കേസില്‍ സാക്ഷിയാക്കിയേക്കും.

സ്വര്‍ണപ്പാളിയിലെ എല്ലാ ഭാഗങ്ങളും തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. പാളിയില്‍ സ്വര്‍ണം പൂശിയ ശേഷം ശബരിമലയിലേക്ക് കൊണ്ടു പോവുകയാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നെന്നും ആസമയത്ത് തന്റെ വീട്ടിലെ പൂജാമുറിയിലേക്ക് അതൊന്ന് കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തു എന്നാണ് ജയറാം പറയുന്നത്. പിന്നീട് പൂജാരിമാരെയും മറ്റും വീട്ടിലെത്തിച്ച് പൂജ നടത്തി എന്നും ജയറാം പറഞ്ഞു.

തന്റെ പൂജാമുറിയില്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുവന്ന് വലിയ രീതിയില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ നിന്ന് അയാള്‍ പണം വാങ്ങിയിരുന്നില്ല. അത്ര സമയം പൂജ ചെയ്തതിന് ദക്ഷിണ നല്‍കിയത് മാത്രമാണ് നല്‍കിയത്. സ്വര്‍ണപ്പാളി വീട്ടിലെത്തിച്ചതിന് ആറോ ഏഴോ മാസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുന്നത്. ഇപ്പോള്‍ ആറ് വര്‍ഷത്തെ പരിചയമുണ്ടാകും. മകര വിളക്കിന് പോകുമ്പോള്‍ സ്ഥിരമായി ഉണ്ണികൃഷണന്‍ പോറ്റിയെ കാണാറുണ്ടായിരുന്നു. അദ്ദേഹം തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു.’ ജയറാം പറഞ്ഞു.