തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.
ബിജെപി പ്രവർത്തകയായ നെടുമങ്ങാട് സ്വദേശിനി ശാലിനി (32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചെന്നാണ് പരാതി.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കൈ ഞരമ്പ് മുറിച്ചാണ് ശാലിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായാണ് വിവരം.
പനക്കോട്ടല വാർഡിൽ ശാലിനി പ്രചാരണ രംഗത്തുണ്ടായിരുന്നു. ബിജെപിയുടെ സജീവപ്രവർത്തകയാണ്. സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോൾ ശാലിനിയെ പട്ടികയിൽ നിന്നൊഴിവാക്കി. പിന്നാലെ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നാണ് വിവരം.
തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആത്മഹത്യചെയ്തത്.

