Spread the love

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ 9 മരണം. മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പോലീസുകാരും ഫോറന്‍സിക് സംഘവും കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

അതേസമയം വൈറ്റ് കോളർ തീവ്രവാദ മൊഡ്യൂൾ കേസിലെ അന്വേഷണത്തിനിടെ ഹരിയാണയിലെ ഫരീദാബാദിലെ മുസമില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. പിടിച്ചെടുത്ത 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളില്‍ ഭൂരിഭാഗവും ഈ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. വന്‍ സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.